G.H.S.S. ADOOR

G.H.S.S. ADOOR


44 വര്‍ഷങ്ങള്‍ക്ക് ശേഷം ഗതകാലസ്‌മരണകള‌ുമായി അവര്‍ ഒത്ത‌ുക‌ൂടി...!!!

Posted: 26 Jun 2017 11:19 AM PDT

1973 എസ്.എസ്.എല്‍.സിബാച്ചിന്റെ ഗ്ര‌ൂപ്പ് ഫോട്ടോ
അഡ‌ൂര്‍: പ‌ുറത്ത് മഴ തിമിര്‍ത്ത‌ുപെയ്യുമ്പോള്‍ മനസ്സില്‍ നിറയെ മധ‌ുരസ്‌മരണകള‌ുമായി അവര്‍ ആ പഴയ വിദ്യാലയമ‌ുറ്റത്ത‌ു ഒത്ത‌ുക‌ൂടി. അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ‌ക‌ൂളിലെ 1973 എസ്.എസ്.എല്‍.സി. ബാച്ചിലെ പ‌ൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം സ്‌ക‌ൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന‌ു. ചിലരൊക്കെ പഴയ സഹപാടികളെ തിരിച്ചറിയാന്‍ വിഷമിച്ച‌ു. തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത കൗത‌ുകവ‌ും സംതൃപ്‌തിയ‌ും. മങ്ങി മാറാല പിടിച്ച ചിത്രങ്ങള‌ായി മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരിപ്പ‌ുള്ള ആ പഴയ ഓര്‍മ്മകള്‍ അവര്‍ പൊടി തട്ടിയെട‌ുത്ത‌ു. വള്ളി നിക്കറിട്ട്, ചെളിവെള്ളം തെറിപ്പിച്ച്, ക‌ുട കറക്കി നടന്ന ആ നല്ല നാള‌ുകള‌ുടെ ഓര്‍മ്മകള്‍ അവര്‍ പങ്ക‌ുവെച്ച‌ു. ഓര്‍മ്മപ്പ‌ുസ്‌തകത്തിന്റെ ഏതോ ഒര‌ു താളില്‍ അടച്ചുവെച്ചിര‌ുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീര്‍ പ‌ൂവ് ജീവിതത്തിരക്കിനിടയില്‍ എപ്പോഴോ അതിന്റെ താള‌ുകള്‍ മറിക്ക‌ുമ്പോള്‍ പ‌ുറത്തേക്ക‌ു തെന്നി വീണ അന‌ുഭവം. ക്ലാസിലെ 'ചാര്‍ളി ചാപ്ലിന്‍' ആയിര‌ുന്ന കെ. ബാലകൃഷ്‌ണയെ കണ്ടതില്‍ എല്ലാവര്‍ക്ക‌ും സന്തോഷം. പോലീസ് വക‌ുപ്പില്‍ നിന്ന‌ും വിരമിച്ച് പെലമറ‌ുവയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്ക‌ുന്ന അദ്ദേഹം അന്ന് സ്‌ക‌ൂള്‍ നാടകങ്ങളിലെ സജീവസാന്നിദ്ധ്യമായിര‌ുന്ന‌ു. ഇപ്പോള്‍ ബെംഗള‌ൂര‌ുവില്‍ സെയില്‍സ് ടാക്‌സ് അഡീഷണല്‍ കമ്മീഷണറായ എ.ബി. ഷംസ‌ുദ്ദീന്‍, കണക്കില്‍ ശരാശരിക്കാരനായ തന്നെ മിട‌ുക്കനാക്കിമാറ്റിയ തന്റെ ഗണിതാധ്യാപകന്‍
44 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ട‌ും ഒത്ത‌ുക‌ൂടിയപ്പോള്‍
കൃഷ്‌ണ ഭട്ടിനെക്ക‌ുറിച്ച‌ുള്ള സ്‌മരണകള്‍ പങ്ക‌ുവെച്ച‌ു
. ക്ലാസിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി എം. സ‌ുനന്ദയ‌ും എ.ബി. ഷംസ‌ുദ്ദീന‌ും തമ്മി‌ല‌ുണ്ടായിര‌ുന്ന മത്സരത്തെക്ക‌ുറിച്ച‌ും പരാമര്‍ശമ‌ുണ്ടായി. അതിനിടെ, ഓഫീസ് ച‌ുമരില്‍ ചില്ലിട്ട‌ു സൂക്ഷിച്ചിര‌ുന്ന ആ പഴയ ഗ്ര‌ൂപ്പ്ഫോട്ടോയില്‍, തങ്ങള‌ുടെ മ‌ുഖങ്ങള്‍ തിരിച്ചറിയ‌ുന്നതിന‌ുള്ള ശ്രമവ‌ും അവര്‍ നടത്തി.തിര‌ൂരങ്ങാടി പി.എസ്.എം.. കോളേജില്‍നിന്ന‌ും പ്രിന്‍സിപ്പാളായി വിരമിച്ച ഇബ്രാഹിം കൊട്ട്യാടി, ബെംഗള‌ൂര‌ുവില്‍ ഇന്‍ഡ്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്സില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായ ശങ്കരനാരായണ കല്ല‌ൂരായ എന്നിവര്‍ക്ക് സംബന്ധിക്കാന്‍ സാധിക്കാത്തതിനാല്‍ അവര‌ുടെ സന്ദേശം യോഗത്തില്‍ വായിച്ച‌ു. ക‌ുട‌ുംബസംഗമം സംഘടിപ്പിച്ച് തങ്ങള‌ുടെ ജീവിതത്തിന് ദിശാബോധം നല്‍കിയ അധ്യാപകരില്‍ ജീവിച്ചിരിപ്പ‌ുള്ളവരെ ആദരിക്ക‌ുവാന‌ും പൊത‌ുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒര‌ു ക്ലാസ്‌മ‌ുറിയെ സ്‌മാര്‍ട്ടാ‌ക്ക‌ുന്നതില‌ൂടെ വിദ്യാലയവികസനവുമായി സഹകരിക്ക‌ുന്നതിന‌ുമ‌ുള്ള തീര‌ുമാനമെട‌ുത്ത് യോഗം അവസാനി‌ച്ച‌ു. പൊടിതട്ടിയെട‌ുത്ത ഒരിക്ക‌ല‌ും മട‌ുപ്പിക്കാത്ത ഓര്‍മ്മകള‌ുമായി, മനസ്സില്‍ എവിടെയൊക്കെയോ നഷ്‌ടവസന്തത്തിന്റെ നൊമ്പരങ്ങള‌ും കോറിയിട്ട്, ക‌ുട‌ുംബസംഗമത്തില്‍ വീണ്ട‌ും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ വിദ്യാലയത്തിന്റെ പടികളിറങ്ങി.
യോഗത്തില്‍ എച്ച്.രാധാകൃഷ്‌ണ അധ്യക്ഷത വഹിച്ച‌ു. വിദ്യാലയവികസന സമിതി വര്‍ക്കിങ് ചെയര്‍മാന‌ും 1973 ബാച്ചിലെ അംഗവ‌ുമായ എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്‌ത‌ു. .ബി. ഷംസ‌ുദ്ദീന്‍, ഡോ..സി.സീതാരാമ, കെ.ബാലകൃഷ്‌ണ, ടി.വിശ്വനാഥ നായ്‌ക്, എം.സ‌ുനന്ദ, .നളിനാക്ഷി, ബി.സീത, വിജയലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ച‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍ സ്വാഗതവ‌ും സ്‌ക‌ൂള്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥി സംഘം കണ്‍വീനര്‍ എ.എം.അബ്‌ദ‌ുല്‍ സലാം മാസ്‌റ്റര്‍ നന്ദിയ‌ും പറഞ്ഞ‌ു

No comments:

Post a Comment

Previous Page Next Page Home