ജനകീയ പ്രചാരണത്തിലൂടെ

 വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്റര്‍ തയ്യാറാകുന്നു..

 

സമഗ്രശിക്ഷാ, കേരളത്തിന്‍റെ രണ്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥിന്‍റെ അദ്ധ്യക്ഷ്യതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ സര്‍വ്വെയിലൂടെ കുട്ടികളുടെ വിദ്യാഭ്യാസവമായി ബന്ധപ്പെട്ട വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് ഗവേണിംഗ് കൗണ്‍സില്‍ തീരുമാനമായി. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്ത സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ആറു വയസ്സുമുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും ഉത്തരവാദിത്തമാണ് ഇത്തരം രജിസ്റ്ററുകള്‍ തയ്യാറാക്കുക എന്നത്.  തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും സഹകരണത്തോടെ അടുത്തമാസം ആദ്യം ആരംഭിക്കുന്ന വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്റര്‍  തയ്യാറാക്കുന്നതിനുള്ള  നേതൃത്വം സമഗ്രശിക്ഷാ, കേരളത്തിനാണ്. വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്ററിന്‍റെ പ്രവര്‍ത്തനത്തിലൂടെ വിദ്യാലയ പ്രവേശനവും കൊഴിഞ്ഞ് പോക്കും തടയുന്നതടക്കം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത. വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്റര്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ കുട്ടികളും വിദ്യാലയത്തില്‍ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന പ്രഥമ സംസ്ഥാനമായി കേരളം മാറുമെന്ന ലക്ഷ്യവും ഇതിനുണ്ട്. ഈ പദ്ധതിയെ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പ്രചാരണ പ്രവര്‍ത്തനമായി മാറുകയാണ് വില്ലേജ് എഡ്യൂക്കേഷന്‍ രജിസ്റ്റര്‍ പദ്ധതി. ഇതിനാവശ്യമായ സാങ്കേതിക സഹായം സമഗ്രശിക്ഷാ, കേരളം തയ്യാറാക്കി കഴിഞ്ഞു.  സമഗ്രശിക്ഷാ ഡയറക്ടര്‍, ഡോ. എ.പി. കുട്ടികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ്, ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ ജീവന്‍ ബാബു ഐ.എ.എസ്, കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. പ്രദീപ്, കെ.എസ് ബസന്ത് ലാല്‍, കെ ശ്രീധരന്‍,  കെ.സി ഹരികൃഷ്ണന്‍,   എ. സലാഹുദ്ദീന്‍, ഡോ. സി. രാമകൃഷ്ണന്‍, ഡോ. ജെ പ്രസാദ്, ബി. അബുരാജ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 





Previous Page Next Page Home