ലഹരിവിമുക്തഗ്രാമത്തിനായി അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത് Posted: 21 Dec 2014 07:29 AM PST  | 'ലഹരിപ്പൊതി,മരണപ്പൊതി'-ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു |
അഡൂരിനെ ലഹരിവിമുക്തഗ്രാമമാക്കി മാറ്റുന്നതിനായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത്. സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും എക്‌സൈസ് വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന് ചുറ്റുപാടുമുള്ള വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കുട്ടികള്‍ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അത് മൂലം കുട്ടികളടക്കമുള്ളവരില്‍ കാണുന്ന രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ദുഃശ്ശീലങ്ങള്‍ ആളുകളില്‍ എത്രമാത്രം വേരോടിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ജില്ലാപഞ്ചായത്തിന്റെ 'സ്‌റ്റെപ്‌സ്' പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വ്വേയുടെ കണ്ടെത്തലുകളും പദ്ധതിക്ക് പ്രചോദനമായി. വീടുകളും കടകളും സന്ദര്‍ശിച്ചുള്ള ലഘുലേഖ വിതരണം, കവലകള്‍ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം, വിദഗ്‌ദരുടെ ക്ലാസുകള്‍, പോസ്‌റ്റര്‍ പ്രദര്‍ശനം, കൗണ്‍സലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.  | പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു | എസ്.പി.സി.യുടെ മൂന്ന് ദിവസത്തെ ക്രിസ്‌മസ് അവധിക്കാല ക്യമ്പിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് അഡൂര്‍ ടൗണില്‍ വെച്ച് ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ പദ്ധതി ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.അനീഷ് കുമാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു.എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, രമേശ് ബാബു, എം.അനീഷ്, ശാലിനി എന്നിവര്‍ സംബന്ധിച്ചു. 'ലഹരിപ്പൊതി മരണപ്പൊതി' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ്.പി.സി.കേഡറ്റ് അബ്‌ദുല്‍ സാദിഖ് സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു.  |