റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിഞ്ഞ് അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' Posted: 26 Nov 2014 06:14 AM PST  സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനങ്ങളും, പച്ചപ്പുല്‍മേടുകളും കൊണ്ട് സമ്പന്നമായ പനത്തടി പഞ്ചായത്തിലെ റാണിപുരം, പ്രകൃതിഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. കര്‍ണ്ണാടകയിലെ ടൂറിസം കേന്ദ്രങ്ങളായ കുടക്, മടിക്കേരി, തലക്കാവേരി എന്നീ പ്രദേശങ്ങളോട് തൊട്ട്കിടക്കുന്ന പ്രദേശമാണ് 'കേരളത്തിന്റെ ഊട്ടി 'എന്നറിയപ്പെടുന്ന റാണിപുരം. മാടത്തുമലഎന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കാഞ്ഞങ്ങാടിന് 48 കിലോമീറ്റര്‍ കിഴക്കായി പാണത്തൂര്‍  | ജൈവവൈവിധ്യത്തെക്കറിച്ച് കോഴിക്കോട് വനവിജ്ഞാന കേന്ദ്രത്തിലെ പ്രഭാകരന്‍ ക്ലാസെടുക്കുന്നു |
റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്‌ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. വിവിധ ഇനത്തില്‍പ്പെട്ട ഇരുന്നോറോളം പക്ഷികളും ഉഗ്രവിഷ പാമ്പുകളായ രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയവയും ഇവിടെ ധാരാളമായി കണ്ടുവരുന്നു. ഒപ്പം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവുമാണ് പശ്ചിമഘട്ട മലനിരകളില്‍ പെടുന്ന റാണിപുരം. പക്ഷി നിരീക്ഷണത്തിനും സാഹസിക യാത്രകള്‍ക്കുമായി നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്. ഒക്ടോബര്‍മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിനും സാഹസിക - വിനോദ സഞ്ചാരികള്‍ക്കും അനുയോജ്യമായ സമയം. വേനല്‍ക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും കൊണ്ട് അനുഗ്രഹിതമായ ഇവിടം. അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും ഔഷധസസ്യങ്ങളെയും കുറിച്ച് പഠനം നടത്തുവാനും ഇവിടെ ആളുകളെത്തുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി വനം വകുപ്പ് റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിവിധവിഷയങ്ങളെക്കുറിച്ച് വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിംഗ്, ചിത്രശലഭങ്ങളെയും അപൂര്‍വ്വസസ്യങ്ങളെയും പരിചയപ്പെടല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോടമഞ്ഞും മഴനൂലുകളും കൈകോര്‍ക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും കേഡറ്റുകള്‍ അനുഭവിച്ചറിഞ്ഞു. പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയപ്പോള്‍ 'കുട്ടിപ്പൊലീസുകാര്‍'ക്ക്ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് റേഞ്ച് ഓഫീസര്‍ ഡെല്‍റ്റോ എല്‍. മറോക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ വിനു അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍, കോഴിക്കോട് വനവിജ്ഞാനകേന്ദ്രത്തില്‍ നിന്നുള്ള പ്രഭാകരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌തു. അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, എസ്.എസ്. രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത, കേഡറ്റുകളായ ജെ. ചൈതന്യ, പി. മെഹറൂഫ്, അബൂബക്കര്‍ സിദ്ദീഖ്, അബ്‌ദുല്‍ ബഷീര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.  |