ചുണ്ടിൽ നിന്നും കാൻവാസിലേക്ക് ഒഴുകിപ്പരന്നത്
അതിജീവനത്തിന്റെ നേർക്കാഴ്ചകൾ..
ചുണ്ടിൽ കടിച്ചു പിടിച്ച ബ്രഷിൽ നിന്ന് കാൻവാസിലേക്കൊഴുകിയ വർണക്കൂട്ടുകൾ കാഴ്ചക്കാർക്ക് സമ്മാനിച്ചത് ഉയിർപ്പിന്റെ ഹൃദയ ചിത്രങ്ങളായിരുന്നു. ഭിന്നശേഷി ദിനാചരണഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ:യു .പി .സ്ക്കൂളിൽ സംഘടിപ്പിച്ച അതിജീവനത്തിന്റെ നേർക്കാഴ്ച പരിപാടിയിലാണ് പ്രശസ്ത മൗത്ത് പെയിന്റർ സുനിത കുഞ്ഞിമംഗലം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചത്. ഡിസംബർ മാസത്തിൽ വർണ ബലൂണുകളും മധുരവുമായ് കുട്ടികൾക്ക് മുന്നിലെത്തുന്ന സാന്താക്ലോസിന്റെ ചിത്രത്തെ കൗതുകത്തോടെയാണ് കുട്ടികൾ വരവേറ്റത്.ഒപ്പം എന്ത് പ്രകൃതിക്ഷോഭത്തിലും കൂട്ടായ്മയിലൂടെ വീണ്ടെടുക്കുന്ന കേരളത്തിന്റെ ഐക്യം വെളിപ്പെടുത്തിയ ജിഷ ആലക്കോടിന്റെ പരിസ്ഥിതി ചിത്രവും കാണികളുടെ മനം കവർന്നു.പ്രതിസന്ധികൾക്കിടയിലും ജീവിതത്തെ വിജയിച്ച പ്രതിഭകൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കിയപ്പോൾ കൂടി നിന്നവർക്കിടയിൽ ആരും ഭിന്നരല്ലെന്ന ബോധം ഉളവായി.ഉമേശൻ ചെറുവത്തൂരിന്റെ മാജിക്ക്, തമ്പാൻ മാഷിന്റെ അധ്യാപക ചിന്തകൾ, പത്തു വയസുകാരൻ സിനിമാതാരം ഗോകുൽ രാജ്, വൃന്ദാ രാജ്, സജീവൻ പുത്തൂർ, ബാബു ചക്കര എന്നിവരുടെ ഗാനങ്ങളും മിമിക്രിയും സദസ്സിനെ ആനന്ദസാഗരത്തിലാഴ്ത്തി. ബാലചന്ദ്രൻ എരവിൽ മോഡറേറ്ററായി. ഉപജില്ലാ വിദ്യാഭ്യാസ ഓസീസർ പി.വി.ജയരാജൻ, എൻ.കെ.ബാബുരാജ് എന്നിവർ പ്രതിഭകൾക്ക് ഉപഹാരം നൽകി.പ്രത്യേക പരിഗണന അർഹിക്കുന്ന അമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കാളികളായി.ആടിയുംപാടിയും ഒരു ദിവസത്തെ സന്തോഷത്തിന്റെതാക്കി മാറ്റിയത്തിന്റെ ആഹ്ലാദത്തിലാണ് കുട്ടികൾ മടങ്ങിയത്.