ക്ലാസ്സിലൊരു നാടകം,അഭിനേതാക്കളായി മുഴുവന്‍ കുട്ടികളും!....
രണ്ടാം ക്ലാസ്സിലെ 'അപ്പുവിന്റെ വീട്' എന്ന പാഠം തുടങ്ങുന്നത് ഇങ്ങനെ....കുഴികുത്തി കമ്പുനാട്ടുകായായിരിന്നു അപ്പു.
കൂമന്‍ കാവിലെ കുഞ്ഞിക്കിളി അപ്പോള്‍ അതുവഴി വന്നു.
''എന്താ അപ്പൂ ഈ ചെയ്യണത്? ''
''ഞാനൊരു വീടുകെട്ടുകയാ.''
''ഇങ്ങനെയാണോ വീടു കെട്ടുന്നത്?''
കുഞ്ഞിക്കിളി ചിരിക്കാന്‍ തുടങ്ങി.
''പിന്നെങ്ങനെയാ?''
''വീടുണ്ടാക്കാന്‍ കരിങ്കല്ലു വേണ്ടേ?''
''കരിങ്കല്ല് എവിടെനിന്നു കിട്ടും?''
''മഞ്ചാടിക്കാട്ടിലെ മാമലയോടു ചോദിച്ചാല്‍
മതി.കരിങ്കല്ല് കിട്ടാന്ടിരിക്കില്ല.''
''എന്തിനാ കുഞ്ഞിക്കിളീ കരിങ്കല്ല്?''
മറുപടി പറയാതെ കുഞ്ഞിക്കിളി ചിറകടിച്ച്
പറന്നു പോയി.മാമല അപ്പുവിനു കരിങ്കല്ല്
കൊടുത്തു.കരിങ്കല്ലുകൊണ്ടു അപ്പു
വീടുണ്ടാക്കാന്‍ തുടങ്ങി.
.........ഇങ്ങനെ പോകുന്നു കഥ.പിന്നീട് അതുവഴിവന്ന കാവതിക്കാക്കയും,കരിയിലക്കിളിയും,
പഞ്ചമിപ്രാവും അപ്പു വീടു കെട്ടുന്നത് കണ്ടു കളിയാക്കി.വീടുകെട്ടാന്‍ ആവശ്യമായ മറ്റു വസ്തുക്കളെ ക്കുറിച്ചും,ഓരോന്നും കിട്ടുന്ന സ്ഥലത്തെക്കുറിച്ചും അവര്‍ അപ്പുവിനു പറഞ്ഞുകൊടുത്തു.അവന്‍ പോയി എല്ലാം കൊണ്ടുവന്നു.പക്ഷെ എന്തു കാര്യം?അവനു വീട് കെട്ടാന്‍ അറിയില്ലല്ലോ!അവന്റെ വീട് കണ്ടവരെല്ലാം കളിയാക്കിച്ചിരിച്ചു.അവസാനം ഒരു അമ്മാമന്‍ വന്ന് വീട് കെട്ടാന്‍ സഹായിച്ചു,..അങ്ങനെകരിങ്കല്ല് കൊണ്ടു തറയും, ചെങ്കല്ലുകൊന്ടു ഭിത്തിയും,ഓടുകൊണ്ടു മേല്ക്കുരയും ഉള്ള,ജനലും വാതിലും ഉള്ള ഒരു കൊച്ചു വീട് അവനു സ്വന്തം!
.....ഓട്ടവീണ ചാക്കിനുള്ളിലൂടെ മഴത്തുള്ളികള്‍ മുഖത്തു വീണപ്പോള്‍ അപ്പു കണ്ണ് തുറന്നു.പഴന്തുണി കെട്ടിയ ഭിത്തി കാറ്റില്‍ ഉയര്‍ന്നു പൊങ്ങുന്നത് അവന്‍ സങ്കടത്തോടെ നോക്കി.എന്നിട്ട് അമ്മയോട് പറഞ്ഞു,
''ഞാനൊരു വീടു കെട്ടുമ മ്മേ....ഈ ചാക്കുകൊന്ടുള്ള വീടൊന്നുമല്ല.കരിങ്കല്ലു കൊണ്ടു തറയും,ചെങ്കല്ല് കൊണ്ടു ഭിത്തിയും ഉള്ള വീടു....വാതിലും ജനലുമുള്ള നല്ല വീട്...ചോരാത്ത വീട്......''
അമ്മ അവനെ കെട്ടിപ്പിടിച്ചു.
.....ഇത്രയുമാണ് കഥ.അവസാനമായപ്പോള്‍ കുട്ടികളെല്ലാവരും ഒന്നിച്ചു പറഞ്ഞു,''മാഷേ,ഇത് നമ്മക്ക് നാടകമാക്കാം''
'' ശരി, എങ്കില്‍ നാടകത്തിലെ കഥാപാത്രങ്ങളുടെ
പേര് എല്ലാവരും പ്രവര്‍ത്തന പുസ്തകത്തില്‍
എഴുതിനോക്കൂ..''
ഞാന്‍ പറയേണ്ട താമസം,കുട്ടികള്‍ എഴുത്ത് തുടങ്ങി!
''വരുണ്‍ ഒന്ന് വായിക്കൂ'' ക്ലാസ്സിലെ പിന്നാക്കക്കാരനായ കുട്ടിക്ക് ഞാന്‍ ആദ്യ അവസരം നല്‍കി,പറഞ്ഞ പേരുകള്‍ ചാര്‍ട്ടില്‍ എഴുതി.വിട്ടുപോയവ മറ്റുള്ളവര്‍ കൂട്ടിച്ചേര്‍ത്തു....
-അപ്പു
-കുഞ്ഞിക്കിളി
-മാമല
-കാവതിക്കാക്ക
-ചെങ്കല്‍ക്കുന്നു
-കരിയിലക്കിളി
-മൂത്താശാരി
-പഞ്ചമിപ്രാവ്
-ഓട്ടുമൂപ്പന്‍
-അമ്മാവന്‍
-അമ്മ
''ഇനി,ആരൊക്കെയാ അഭിനയിക്കുക?''''ഞാന്‍...ഞാന്‍...''എല്ലാവരും തയ്യാര്‍.
''എന്നാലൊരു കാര്യം ചെയ്യാം,ആരാ നന്നായി വായിക്കുന്നതെന്ന് നോക്കട്ടെ.അവരെക്കൊണ്ടു അഭിനയിപ്പിക്കാം ..എല്ലാവരുംഒറ്റയ്ക്കൊറ്റയ്ക്കു വായിച്ചു നോക്കൂ.''
....പിന്നീട് ഗ്രൂപ്പുവായനായിലൂടെ പരസ്പരം വിലയിരുത്തുന്നതിനും നല്ല വായനക്കാരെ കണ്ടെത്തു ന്നതിനും അവസരം നല്‍കി. വിലയിരുത്തല്‍ സൂചകങ്ങളും കുട്ടികള്‍ തന്നെ വികസിപ്പിച്ചു. ഗ്രൂപ്പിലെ ഒരാള്‍ നരേട്ടരും മറ്റുള്ളവര്‍ വിവിധ കഥാപാത്രങ്ങളുമായി മാറിക്കൊന്ടുള്ള പാഠം വായനയായിരുന്നു പിന്നീട്.
വായനയ്ക്കൊടുവില്‍ കുട്ടികള്‍ തന്നെ കണ്ടെത്തി,ആരോക്കെയായിരിക്കണം നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എന്ന്!
''അപ്പോള്‍,ബാക്കിയുള്ളവരോ?''
''കാണാനും ആളുകള്‍ വേണ്ടേ?'' ശരത്തിന്റെതാണ് ചോദ്യം.
''കാണാന്‍ നമുക്ക് ആരെയെങ്കിലും വിളിക്കാം.തല്‍ക്കാലം എല്ലാവരെയും നമുക്ക് അഭിനയിപ്പിക്കണം ..അതിനെന്താ വഴി?''
...ഒടുവില്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് വഴി കണ്ടെത്തി...അങ്ങനെ ക്ലാസ്സിലെ 22 കുട്ടികളും ഒറ്റ നാടകത്തിലെ അഭിനേതാക്കളായി മാറി...പരിശീലനം തുടങ്ങി....നാടകം റെഡി!
'' ഇനി കാണികള്‍ വേണമല്ലോ '' വീണ്ടും ശരത്ത്.
അടുത്ത C P T A യോഗത്തിലെ,ക്ലാസ് ബാലസഭയില്‍ നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി.
''എല്ലാവരും അഭിനയിക്കുന്ന നാടകമാണ്.അതുകൊണ്ടു എല്ലാവരുടെ വീട്ടില്‍ നിന്നും ആളുകള്വരണം''.ഞാന്‍ പറഞ്ഞത് കുട്ടികള്‍ അക്ഷരംപ്രതി അനുസരിച്ചു .ജനുവരി അഞ്ചിന് നടന്ന C P T A യോഗത്തില്‍ 21 കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു!ആകാശിന്റെ അമ്മയ്ക്ക് പണിക്കു പോകേണ്ടി വന്നതിനാല്‍ അന്നത്തെ യോഗത്തിനു എത്താന്‍ കഴിഞ്ഞില്ല.മീറ്റിങ്ങ് കഴിഞ്ഞ ഉടനെ ഞാന്‍ ആകാശിന്റെ വീട്ടില്‍ പോയി അമ്മയെ കണ്ടു കാര്യങ്ങള്‍ പറയുകയും ചെയ്തു.
......രണ്ടാം ക്ലാസ്സില്‍ മാത്രമല്ല,മറ്റു ക്ലാസ്സുകളിലും ഇതേ ദിവസം നടന്ന യോഗങ്ങളില്‍ കുട്ടികള്‍ ഇതുപോലുള്ള പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.യോഗങ്ങല്‍ക്കൊടുവില്‍ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു.ഇത്തവണ എന്തു തന്നെയായാലും സ്കൂള്‍ വാര്‍ഷികാഘോഷം നടത്തണം...നാട്ടുകാരെ മുഴുവന്‍ വിളിക്കണം ...അവരുടെ മുമ്പില്‍ മുഴുവന്‍ കുട്ടികളുടെയും പ്രകടനങ്ങളും വേണം..അതെ,ഈ വര്‍ഷത്തെ സ്കൂള്‍ മികവിന്റെ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഞങ്ങളുടെ കടപ്പുറത്ത് തുടങ്ങിക്കഴിഞ്ഞു!
GFLPS BEKAL