പുതു വര്‍ഷത്തിലെ ആദ്യ സ്കൂള്‍ ദിനത്തിനായ്...


                                    സുജി ടീച്ചര്‍ 'പൊതിയുമായി ക്ലാസ്സില്‍  
                     എത്തിയപ്പോഴേ      ഒന്നാം  ക്ലാസ്സിലെ കുട്ടികള്‍ 
           വിളിച്ചുപറഞ്ഞു,''ക്രിസ്മസ് കേക്ക്,ക്രിസ്മസ് കേക്ക്''
   ..അവര്‍ക്കറിയാം,ക്രിസ്മസ് അവധിക്കു സ്കൂള്‍ അടക്കുന്ന ഇന്ന് ടീച്ചര്‍ എല്ലാവര്‍ക്കും  കേക്ക് തരുമെന്ന്! അതുകൊണ്ടു തന്നെ ടീച്ചരുടെ വരവും കാത്തിരിക്കുകയായിരുന്നു,അവര്‍..പ്രതീക്ഷയോടെ!
            .... ഒന്നാം ക്ലാസ്സില്‍ മാത്രമല്ല,എല്ലാക്ലാസ്സിലും ഇന്ന് ടീച്ചര്‍മാര്‍ എത്തിയത് ക്രിസ്മസ് കേക്കുമായാണ്.അതാണ്‌ ഇവിടുത്തെ പതിവ്. ക്ലാസ് ടീച്ചരുടെ സ്വന്തം ചെലവില്‍ മുഴുവന്‍ കുട്ടികള്‍ക്കും ക്രിസ്മസ് കേക്ക്.കുട്ടികള്‍ക്ക് മാത്രമല്ല,സ്കൂളില്‍ എത്തുന്ന അതിഥികള്‍ക്കും!
         ...''എല്ലാവര്‍ക്കും കേക്ക് തരാം,പക്ഷെ ക്രിസ്മസ്സിനെക്കുറിച്ചു  എനിക്ക് പറഞ്ഞു തരണം''-കുട്ടികള്‍ക്ക് സ്വതന്ത്ര ഭാഷണത്തിനുള്ള അവസരം ഒരുക്കുകയായിരുന്നു,ടീച്ചര്‍ ! ക്രിസ്മസ് അപ്പൂപ്പന്‍,ക്രിസ്മസ് സ്റാര്‍,ക്രിസ്മസ് കരോള്‍,ക്രിസ്മസ് കാര്‍ഡ്...ഇങ്ങനെ പല കാര്യങ്ങളും കുട്ടികള്‍ ടീച്ചര്‍ക്ക് പറഞ്ഞുകൊടുത്തു.അപ്പോള്‍ ടീച്ചര്‍ക്ക് ഒരു സംശയം,''...... എവിടുന്നാ ക്രിസ്മസ് കാര്‍ഡ് കിട്ട്വാ?അതിനു പൈസ വേണ്ടേ?''പലരും പലതും പറഞ്ഞു.
കൂട്ടത്തില്‍,ടീച്ചറുടെ മനസ്സ് വായിച്ച ഒരു മിടുക്കന്‍ പറഞ്ഞു,  ''പൈസയൊന്നും വേണ്ട..നമ്മക്കന്നെ ആക്ക്യാപ്പോരെ?''
                   ആശംസാ കാര്‍ഡ് നിര്‍മ്മിക്കലായി അടുത്ത പരിപാടി. ടീച്ചര്‍ ചാര്‍ട്ട് പേപ്പര്‍ മുറിച്ച്  കുട്ടികള്‍ക്കു നല്‍കി,ഒപ്പം ക്രയോണുകളും.  ചുരുങ്ങിയ സമയം കൊണ്ടു കാര്‍ഡുകള്‍ റെഡി.''ഇനി ഇത് ആര്‍ക്കാ കൊടുക്ക്വാ?''
       ''ടീച്ചര്‍ക്ക്!'' എല്ലാരും ഒന്നിച്ചു പറഞ്ഞു.
      ''ഇത്രയധികം കാര്‍ഡ് എനിക്കെന്തിനാ...ഒരു കാര്യം ചെയ്യാം.നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന കൂടുകാരനോ,കൂടുകാരിക്കോ കാര്‍ഡു നല്‍കിയാലോ? ''

          '' ശരി ''  എല്ലാവരും സമ്മതിച്ചു.
    ''കാര്‍ഡ് കൈമാറുമ്പോള്‍ എന്താ പറയേണ്ടത്?''
         ''ഹാപ്പി ക്രിസ്മസ്!ഹാപ്പി ക്രിസ്മസ്!..''
              ......ടീച്ചറും കുട്ടികളും ഒന്നിച്ചു പാടി.പിന്നെ,കേക്ക് മുറിച്ചു.അപ്പോഴും കുട്ടികള്‍ പാടിക്കൊ ണ്ടിരുന്നു ..
          '' ഹാപ്പി ക്രിസ്മസ്......ഹാപ്പി ക്രിസ്മസ്....''
                                          
   ''ഇനി ടീച്ചര്‍ക്കും വേണം ഒരു ആശംസാ കാര്‍ഡ് !''
         ''എല്ലാം കൂട്ടുകാര്‍ക്കു   കൊടുത്തില്ലേ?''കുട്ടികള്‍ക്ക് സങ്കടമായി.
    ''  ഓ..സാരമില്ല,സ്കൂള്‍ തുറന്നു വരുമ്പോള്‍ തന്നാല്‍ മതി''
ടീച്ചര്‍ സമാധാനിപ്പിച്ചു.''
     ''അപ്പോഴേക്കും ക്രിസ്മസ് കഴിയില്ലേ?'' ആദിത്യനു സംശയം.
  ''പുതിയ കൊല്ലമല്ലേ ഇനി എല്ലാരും സ്കൂളില്‍ വരൂ..പുതുവര്‍ഷത്തിലും ആശംസാ കാര്‍ഡുകള്‍ നല്‍കാമല്ലോ, ടീച്ചര്‍ക്ക് അതു മതി.''
       '' അപ്പൊ, അതിലെന്താ എഴുത്വാ?''ജനിക്കു സംശയം.
                 '' എക്കിട്ടി!''(എനിക്കു കിട്ടി )  തന്റെ നാടന്‍ ഭാഷയില്‍ ആദിത്യന്‍ വിളിച്ചു പറഞ്ഞു,
                     '' Happy New Year ''
 
        ടീച്ചര്‍ ബോര്‍ഡില്‍ എഴുതി...ഇംഗ്ലീഷിലും മലയാളത്തിലും.
                              '' Happy New Year ''
                        പുതുവത്സരാശംസകള്‍ !
                                                                                                 
                                                 ...മറ്റു ക്ലാസ്സുകളിലും സമാനമായ 
                                           രീതിയില്‍ത്തന്നെ ക്രിസ്മസ് ആഘോഷം 
  ഭംഗിയായിനടന്നു.ഞങ്ങള്‍കാത്തിരിക്കുകയാണ്,പുതുവര്‍ഷത്തിലെ  ആദ്യ സ്കൂള്‍ ദിനത്തില്‍ കുഞ്ഞുങ്ങളില്‍ നിന്നും ആശംസാകാര്‍ഡുകള്‍ക്കായി!
Previous Page Next Page Home