പ്രവേശനോല്‍സവം- 2016-17 Posted: 01 Jun 2016 09:44 PM PDT പ്രവേശനോല്‍സവം- 2016-17 2016-17 അധ്യയന വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പി.ടി.എ. യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടത്തി. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചുകൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു. പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളും, പി.ടി.എ. മെമ്പര്‍മാരും ആശംസകളര്‍പ്പിച്ചു. ഒന്നാംക്ലാസ്സിലെത്തിയ 40 കുട്ടികള്‍ക്ക് പി.ടി.എ. യുടെ ആഭിമുഖ്യത്തിലുള്ള പഠനോപകരണ കിറ്റ് മുന്‍ മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍ ഹാജി വിതരണം ചെയ്തു. ഒന്നാംക്ലാസ്സിലെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും കൈതക്കാട് യൂണിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മരത്തൈ വിതരണം ചെയ്തു. ഓരോ കുട്ടിയുടെയും പേരില്‍ ഓരോ മരം സ്ക്കൂള്‍ വളപ്പില്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെ ഒരു കുട്ടി ക്ലബ്ബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മരം നട്ട് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് പായസവിതരണവും നടത്തി . |
ഒരുക്കം Posted: 01 Jun 2016 09:22 PM PDT ഒരുക്കം ഏകദിന വിദ്യാഭ്യാസ ശില്പശാല (സ്ക്കൂള്‍ തലം) 2016-17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി 31/05/2016 ന് സ്ക്കുള്‍തല ഏകദിന ശില്പശാല നടന്നു. ശില്പശാലയുടെ ഉദ്ഘാടനം എം.പി.ടി.എ പ്രസിഡണ്ട് സജിത പി.പി.പി യുടെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് എം.ടി.പി. നിര്‍വ്വഹിച്ചു. പത്തു മണി മുതല്‍ നാല് മണി വരെയുള്ള ശില്പശാലയില്‍ ജൂണ്‍,ജൂലൈ,ആഗസ്ത് മാസങ്ങളിലെ വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണവും, അക്കാദമിക കലണ്ടറും തയ്യാറാക്കി. പ്രവേശനോല്‍സവത്തിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തി. വിവിധ ക്ലബ്ബുകളുടെ ചുമതലകള്‍ അധ്യാപകര്‍ക്ക് വിഭജിച്ച് നല്‍കി. എല്‍പി., യുപി. എസ്.ആര്‍.ജി.കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ആദ്യത്തെ മൂന്ന് മാസത്തെ പ്രവര്‍ത്തന പാക്കേജ് തയ്യാറാക്കി. ഓരോ അധ്യാപകരുടെയും ചുമതലകള്‍ ബോധ്യപ്പെടുത്തി. ഒന്നാം ക്ലാസ്സിലെ നവാഗതര്‍ക്ക് പഠനോപകരണ കിറ്റും , യൂണിഫോമും നല്‍കാനും പ്രവേശനോല്‍സവത്തിന്റെ ഭാഗമായി പായസവിതരണം നടത്താനും തീരുമാനിച്ചു. |