ഗണിത ലാബ്  @ GLPS KAYYUR

         സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സിയുടെ പിന്തുണയോടെ കയ്യൂർ ഗവ.എൽ.പി.സ്കൂളിൽ സജ്ജീകരിച്ച ഗണിത ലാബിന്റെയും, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകർതൃവിദ്യാഭ്യാസ പരിപാടിയുടെയും ഉദ്ഘാടനം കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ശകുന്തള നിർവഹിച്ചു.ചെറുവത്തൂർ ബി.പി.ഒ   കെ.നാരായണൻ ആമുഖഭാഷണം നടത്തി. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂൾ അധ്യാപകൻ കെ.അനിൽകുമാർ ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.രജനി അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. എൻ.കെ.വിനോദ് കുമാർ മാസ്റ്റർ പ്ലാൻ പരിചയപ്പെടുത്തി. 
                      'നല്ല സമൂഹത്തിനായ് നല്ല വായന' എന്ന വിഷയത്തിൽ ബി.ആർ.സി.സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിലെ സ്കൂൾതല വിജയികൾക്ക് വാർഡ് മെമ്പർ പി.പി.മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു.  കെ.വി. പ്രമീള ടീച്ചർ വിദ്യാലയ മികവുകളും പരിമിതികളും രക്ഷിതാക്കളുടെ ചർച്ചയ്ക്കായി അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക സി.പങ്കജാക്ഷി സ്വാഗതവും എം.പി.ടി.എ.പ്രസിഡണ്ട് കെ.വി. പ്രസീന നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്ര


     
 ലോക തണ്ണീർത്തട ദിനത്തിൽ കായലിൽ കണ്ടലുകൾ വെച്ചുപിടിപ്പിച്ച് ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്രയ്ക്ക് ഗംഭീര തുടക്കം. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ഉപജില്ലാ പരിധിയിലെ ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചത്.

         ലോക തണ്ണീർത്തട ദിനത്തിന്റെ സന്ദേശമുൾക്കൊണ്ട് കവ്വായിക്കായലിൽ ഇടയിലെക്കാട് ബണ്ടിനടുത്ത് അമ്പതോളം കണ്ടലുകൾ വെച്ചുപിടിപ്പിച്ചും ദിന സന്ദേശം കുട്ടികളിലേക്ക് പകർന്നുമായിരുന്നു  യാത്രയ്ക്ക് തുടക്കം കുറിച്ചത്.  ഇടയിലെക്കാട് എ എൽ പി സ്കൂളിലെ കുട്ടികൾ നാടിനെ അറിയാനെത്തിയ കൂട്ടുകാർക്ക് കണ്ടൽ തൈകൾ കൈമാറി വരവേറ്റു. ഇടയിലെക്കാട് കാവിന്റെ വനഭംഗി ആസ്വദിച്ചും കാവിലെ വാനരപ്പടയ്ക്ക് നിത്യവും ചോറൂട്ടുന്ന മാണിക്കമ്മയോട് അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ജൈവ വൈവിധ്യത്തെ തൊട്ടറിഞ്ഞും തുടങ്ങിയ യാത്ര തീരദേശത്തിന്റെ പരിസ്ഥിതിയെ നേരിട്ടറിഞ്ഞ് ചെമ്പല്ലിക്കുണ്ട് വയലപ്ര വരെ നീണ്ടു. 20 കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രയിൽ പങ്കാളികളായത്.ബിആർസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പായ വിസ്മയക്കൂടാരത്തിന്റെ ഭാഗമായാണ് യാത്ര ഒരുക്കിയത്. ഇടയിലെക്കാട് എ എൽ പി സ്കൂൾ പ്രധാനാധ്യാപകൻ എ അനിൽകുമാർ തണ്ണീർത്തട ദിന സന്ദേശം നൽകി.പി വേണുഗോപാലൻ, പി സ്നേഹലത, പി വി പ്രസീദ, സി വി ലേഖ, പി പ്രമോദ് എന്നിവർ സംസാരിച്ചു.

ട്വിന്നിംഗ് പ്രോഗ്രാം

വിദ്യാലയ മികവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും മികച്ച മാതൃകകൾ സ്വന്തം വിദ്യാലയത്തിൽ പ്രാവർത്തികമാക്കുന്നതിനും ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച    സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാമിന് ചെറുവത്തൂർ ബി ആർ സി യിൽ തുടക്കമായി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ അതിഥികളായെത്തിയ മുഴക്കോം ജിയുപി സ്കൂളിലെ ഏഴാം തരത്തിലെ മുപ്പത് വിദ്യാർഥികളും പ്രഥമാധ്യാപകനുൾപ്പെടെ നാല് അധ്യാപകരുമാണ് വേറിട്ട പരിപാടിയിൽ പങ്കാളികളായത്.
        രാവിലെ സ്‌കൂൾ അസംബ്ലിയിൽ പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ബീനയും ഒന്നാം തരത്തിലെ കുട്ടികളും ചേർന്ന് അതിഥികളായ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു വാർത്താ വായനകളും പുസ്തകാസ്വാദനക്കുറിപ്പ് അവതരണവും അസംബ്ലിയെ ശ്രദ്ധേയമാക്കി. തുടർന്ന് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ഏഴാം തരത്തിൽ വിവിധ വിഷയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റും വിധത്തിൽ അധ്യാപകർ അവതരിപ്പിച്ചു.ഉദിനൂരിന്റെ മികവുകളിലൊന്നായ പ്രതിമാസ മാധ്യമ ക്വിസ് മത്സരത്തിൽ മുഴക്കോത്തെ കുട്ടികളും സമ്മാനം നേടി.ഉദിനൂർ സെൻട്രലിൽ 2017-18 അധ്യയന വർഷം നടന്ന മികവുകളുടെ ഡോക്യുമെന്ററി, ഫോട്ടോ പ്രദർശനമായിരുന്നു പിന്നീട്.ബാലസഭ, സാഹിത്യ സമാജം,ശലഭോദ്യാനം, പച്ചക്കറിത്തോട്ടം സന്ദർശനം എന്നിവയും മികവുകളുടെ നേർസാക്ഷ്യങ്ങളായി മുഴക്കോത്തെ കുട്ടികൾ കണ്ടറിഞ്ഞു. അടുത്ത മാസം ആദ്യം ഉദിനൂരിലെ പുതിയ കൂട്ടുകാരെ തങ്ങളുടെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു കൊണ്ടാണ് മുഴക്കോത്തെ കുരുന്നുകൾ മടങ്ങിയത്.
     ഉദ്ഘാടന ചടങ്ങിൽ ബിപിഒ  കെ നാരായണൻ പരിപാടി വിശദീകരണം നടത്തി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ പ്രഥമാധ്യാപിക വി ചന്ദ്രിക, മുഴക്കോം  ജിയുപി സ്കൂൾ പ്രഥമാധ്യാപകൻ പി വി രമേശൻ, അധ്യാപകരായ ബിജു, ദ്രൗപദി, അജിത, മദർ പി ടി എ പ്രസിഡന്റ് ഉഷാ കൃഷ്ണൻ, ബി ആർ സി പരിശീലകരായ പി വി ഉണ്ണിരാജൻ ,പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്

  
ക്ലാസ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരം കെട്ടിപ്പടുക്കാനുള്ള യത്നത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വായനാ സെമിനാർ പുതിയ കാലത്തെ കുഞ്ഞു വായനയെ പരിപോഷിപ്പിക്കാനുള്ള സമ്പന്നമായ ചുവടുവയ്പായി. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കരക്കേരു ഫ്രന്റ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ  നടത്തിയ ഏകദിന സെമിനാറും മലയാളത്തിളക്കം  പദ്ധതിയുടെ ഉപജില്ലാതല വിജയപ്രഖ്യാപനവുമാണ് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സജീവമായ ഇടപെടലിലൂടെ ശ്രദ്ധേയമായത്.
      'നല്ല വായന
      നല്ല പoനം 
      നല്ല ജീവിതം'
ക്യാമ്പെയിനിന്റെ ഭാഗമായി  ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പുസ്തകയാത്ര, അമ്മ വായന കുഞ്ഞു വായന, കുട്ടികളുടെ വായനാ കുറിപ്പുകളുടെ പതിപ്പ്, മലയാളത്തിളക്കം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കപ്പെട്ട കുട്ടികളുടെ രചനകൾ ,രക്ഷിതാക്കളുടെ പ്രബന്ധരചനാ മത്സരം എന്നിവയുടെ തുടർച്ചയായാണ് സെമിനാർ ഒരുക്കപ്പെട്ടത്.
എം രാജഗോപാലൻ എം എൽഎ സെമിനാറിന്റെ ഉദ്ഘാടനവും ബി ആർ സി വാർത്താപത്രികയായ 'നേർവഴി'യുടെ പ്രകാശനവും നിർവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ അധ്യക്ഷനായിരുന്നു.മലയാളത്തിളക്കം ഉപജില്ലാതല വിജയപ്രഖ്യാപനം എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ
 പി പി വേണുഗോപാലൻ നിർവഹിച്ചു.ബി ആർ സി പരിശീലകൻ പി വി ഉണ്ണിരാജൻ മലയാളത്തിളക്കം റിപ്പോർട്ടവതരിപ്പിച്ചു. വായനാ കുറിപ്പുകളുടെ പ്രകാശനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ നിർവഹിച്ചു. രക്ഷിതാക്കൾക്കുള്ള പ്രബന്ധരചനാ മത്സര വിജയികൾക്ക് ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി രാജൻ സമ്മാനദാനം നടത്തി. സെമിനാറിൽ ഡയറ്റ് സീനിയർ ലക്ചറർ കെ രാമചന്ദ്രൻ നായർ മോഡറേറ്ററായിരുന്നു. കേരള സാഹിത്യ അക്കാദമി മെമ്പർ ടി പി വേണുഗോപാലൻ (നല്ല പ ഠനത്തിനായ് കുഞ്ഞുവായന), എസ് എസ് എ
 ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം വി ഗംഗാധരൻ ( വായനാ ക്കളരിക്കായ് ക്ലാസ് ലൈബ്രറികൾ) എന്നിവർ വിഷയാവതരണം നടത്തി.
     രക്ഷിതാക്കൾക്കുള്ള പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി കെ രമയുടെ പ്രബന്ധാവതരണം, മലയാളത്തിളക്കം നേടിയ ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ നിവേദ്യയുടെ കഥാവതരണം എന്നിവയും ശ്രദ്ധേയമായി.തുടർന്ന് അക്കാദമിക് മാസ്റ്റർ പ്ലാനും രക്ഷാകർതൃവിദ്യാഭ്യാസവും വിഷയത്തിൽ നടന്ന ചർച്ചാ ക്ലാസ് ഡയറ്റ് സീനിയർ ലക്ചറർ 
ടി വി ഗോപകുമാർ നയിച്ചു.ബി പി ഒ  കെ നാരായണൻ സ്വാഗതവും ബി ആർ സി പരിശീലകൻ പി വേണുഗോപാലൻ നന്ദിയും പറഞ്ഞു.
 *_രക്ഷിതാക്കൾക്കുള്ള പ്രബന്ധരചനാ മത്സര വിജയികൾ :_* 
( ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ)
 പി കെ രമ ( എ എൽ പി സ്കൂൾ കാരിയിൽ)
പി പി ജയശ്രീ ( എ യു പി സ്കൂൾ ഉദിനൂർ സെൻട്രൽ)
കെ ആശ ( എ യു പി സ്കൂൾ ഓലാട്ട്)



Cheruvathur12549

Cheruvathur12549


Posted: 02 Feb 2018 01:09 AM PST




രക്ഷാകര്‍ത്തൃ പരിശീലനം
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും വിദ്യാലയങ്ങളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുുവെയ്ക്കുന്നതിനുമായി വിദ്യാലയത്തില്‍ 2018 ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച രണ്ട് മണിക്ക് രക്ഷാകര്‍ത്തൃ പരിശീലനം നടത്തി.

2017-18 വര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ സി.ഡി.പ്രദര്‍ശനം ഒരുക്കി.
Previous Page Next Page Home