കുമ്പള ഉപജില്ലാ കേരളസ്‌കൂള്‍ കലോത്സവത്തിന് നാളെ അഡൂരില്‍ തുടക്കം Posted: 27 Nov 2016 10:42 PM PST അഡൂര്‍ : ഈ വര്‍ഷത്തെ കുമ്പള ഉപജില്ലാ കേരളസ്‌കൂള്‍ കലോത്സവം നവംബര്‍ 29,30, ഡിസംബര്‍ 1,2,3 തിയ്യതികളിലായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. ഉപജില്ലയിലെ 117സ്‌കൂളുകളില്‍ നിന്നായി 1മുതല്‍ 12വരെ ക്ലാസ്സുകളിലെ 3268 പ്രതിഭകള്‍ 275ഇനങ്ങളില്‍ 13വിഭാഗങ്ങളിലായി മാറ്റുരക്കും. ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ചെയര്‍മാനും എ. ചന്ദ്രശേഖരന്‍ വര്‍ക്കിങ് ചെയര്‍മാനുമായുള്ള സംഘാടകസമിതിയുടെ നേതൃത്വത്തില്‍ മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയോര അതിര്‍ത്തി ഗ്രാമമായ അഡൂരില്‍ ഉത്സവപ്രതീതി ജനിപ്പിച്ചുകൊണ്ട് മുഴുവന്‍ ജനങ്ങളും കലോത്സവം മോടിപിടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് നാട്ടില്‍ നിലനില്‍ക്കുന്ന കടുത്ത സാമ്പത്തികഞെരുക്കത്തിനിടയിലും നാട്ടിലെ ക്ലബുകളും യുവസംഘടനകളും മേള വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നവംബര്‍ 29 ചൊവ്വാഴ്ച്ച രാവിലെ 9മണിക്ക് രജിസ്‌ട്രേഷന്‍ നടക്കും. 9.30 ന് പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നതോടുകൂടി മത്സരങ്ങള്‍ ആരംഭിക്കും. മേളയുടെ ഉദ്ഘാടനം ഡിസംബര്‍ 1വ്യാഴാഴ്‌ച വൈകുന്നേരം 4 മണിക്ക് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിക്കും. പി.ബി. അബ്‌ദുല്‍ റസാഖ് എം.എല്‍.എ. മുഖ്യാതിഥിയാകും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ബഹുജന പങ്കാളിത്തത്തോടെയുള്ള സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഇതില്‍ പ്രാദേശിക സംസ്‌കൃതി വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. കലോത്സവദിനങ്ങളില്‍ മുഴുവനാളുകള്‍ക്കും ഭക്ഷണം നല്‍കും. മുഴുവന്‍ മത്സരവിജയികള്‍ക്കും ട്രോഫി നല്‍കും. ഡിസംബര്‍ 3 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപനസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കുമ്പള എഇഒ കെ. കൈലാസ മൂര്‍ത്തി, ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് എന്നിവര്‍ സമ്മാനദാനം നടത്തും.  |