മലയാളത്തിളക്കം
മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജിക്കാനും കൂടുതൽ തിളങ്ങാനും തിളക്കം ബോധ്യപ്പെടാനും വ്യാഴാഴ്ച മുതൽ ജില്ലയിലെ വിദ്യാലയങ്ങളിൽ മലയാളത്തിളക്കം പദ്ധതിക്ക് തുടക്കമാകും. സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസുകളിലെ ഭാഷാ നിലവാരം ഉയർത്താനുതകുന്നതാണ് പുതിയ പരിപാടി. മുഴുവൻ കുട്ടികളെയും മലയാളത്തിൽ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാനും സർഗാത്മകതയും ഭാവനയും സമർപ്പിത ചിന്തയും അന്വേഷണാത്മകതയും അധ്യാപകരിൽ സൃഷ്ടിക്കുന്നതിനുമാണ് മലയാളത്തിളക്കം .ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 70 അധ്യാപകർക്കായുള്ള പരിശീലന ത്തി ന്റെ ആദ്യഘട്ടം പൂർത്തിയായി. ചെറുവത്തൂർ ബി ആർ സി യിലെ പിലിക്കോട് ജി യു പി സ്കൂളിലും ഹൊസ്ദുർഗ് ബി ആർ സി കളിലുമായിരുന്നു പരിശീലനം. ഇവർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ൈട്ര ഔട്ട് ക്ലാസുകൾ നടത്തും.ഒന്നാം ഘട്ടത്തിൽ 3, 4 ക്ലാസുകളിലാണ് പരിപാടി നടപ്പിലാക്കുക.പഠനാനഭവങ്ങളുടെ വൈവിധ്യവൽക്കരണം, ഐ ടി സാങ്കേതികവിദ്യ പ്രശ്ന പരിഹരണത്തിന് ഉപയോഗിക്കൽ, പഠന വേഗത പരിഗണിച്ചുള്ള പ്രവർത്തനം, തൽസമയ പിന്തുണ എന്നിവ ഈ പദ്ധതിയെ വേറിട്ടു നിർത്തുന്നു.ആറൻമുള, കൊങ്ങാട് മണ്ഡലങ്ങളിലെ 80 വിദ്യാലയങ്ങളിലെ കുട്ടികളിൽ പരീക്ഷിച്ച് പ്രായോഗികതയും ഫലസിദ്ധിയും പരിശോധിച്ചാണ് ഇതിന്റെ പഠന തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തത്. ക്ലാസുകൾ നടക്കുന്ന സമയത്ത് ഈ പദ്ധതിയുടെ ഗുണഫലം രക്ഷിതാക്കളെ കൂടി ബോധ്യപ്പെടുത്താൻ ഗുണഭോക്താക്കളായ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗവും വിളിച്ചു ചേർക്കും. മുപ്പത് മണിക്കൂർ നീളുന്നതാണ് ഭാഷാ പരിപോഷണത്തിനുള്ള ഈ പാക്കേജ്. ജില്ലാതല പരിശീലനം നേടിയവർ സ്കൂൾ തലത്തിൽ രണ്ടു ദിവസം ട്രൈ ഔട്ട് ക്ലാസ് നടത്തിയ ശേഷം, പഞ്ചായത്തുതലത്തിൽ 3, 4 ക്ലാസുകളിലെ അധ്യാപികമാർക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂളിലെ കുട്ടികളോടൊപ്പം ഇത് ആവർത്തിക്കും. തുടർന്ന് ഓരോ വിദ്യാലയത്തിലും പതിവ് അധ്യയനത്തിന് തടസമില്ലാതെ ശനിയാഴ്ചകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി ഫെബ്രുവരി 14 നകം പദ്ധതി പൂർത്തിയാക്കും. കെ വി സുധ, ടി ശ്രീകുമാർ എന്നിവരാണ് രണ്ട് കേന്ദ്രങ്ങളിലുമായി പരിശീലനം നൽകിയത്. പിലിക്കോട് ജി യു പി സ്കൂളിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ അധ്യക്ഷനായിരുന്നു.എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം വി ഗംഗാധരൻപദ്ധതി വിശദീകരണം നടത്തി.ഡയറ്റ് പ്രിൻസിപ്പാൾ മുഖ്യപ്രഭാഷണം നടത്തി.കെ പി ബാബു, പി സുധാകരൻ, കെ വി സുധ എന്നിവർ സംസാരിച്ചു.ചെറുവത്തൂർ ബി പി ഒ കെ നാരായണൻ സ്വാഗതവും ടി വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.