ആരോഗ്യസര്‍വ്വേ-സ്‌കൂള്‍ കുട്ടികളിലധികവും പോഷണവൈകല്യമുള്ളവര്‍ Posted: 14 Jul 2015 09:14 PM PDT സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പോഷകാഹാരഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പോഷണനിലവാരനിര്‍ണയ സര്‍വ്വേ നടത്തി. ഡി.എം.ഒ.യിലെയും അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന 405 കുട്ടികളുടെ നീളം, തൂക്കം എന്നിവ രേഖപ്പെടുത്തിയതിന് ശേഷം ബോഡിമാസ് ഇന്‍ഡക്‌സ്(BMI) കണക്കാക്കിയാണ് പഠനം നടത്തിയത്. പ്രാഥമികവിശകലനപ്രകാരം 68 ശതമാനം കുട്ടികളും പോഷണവൈകല്യമുള്ളവരാണ്. ഇതില്‍ പന്ത്രണ്ട് ശതമാനം കുട്ടികള്‍ ഗുരുതരമായ പോഷണവൈകല്യമുള്ളവരാണെന്നുള്ളത് ഏവരുടെയും കണ്ണുതുറപ്പിക്കേണ്ട കണ്ടെത്തലാണ്. ആരോഗ്യമേഖലയില്‍ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതം സൃഷ്‌ടിക്കുന്ന ഈ അവസ്ഥയ്‌ക്ക് സത്വരപരിഹാരം തേടേണ്ടതുണ്ട്. കൗമാരപ്രായത്തിലുള്ള സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, സാമൂഹ്യ-സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പോഷകാഹാരത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും സംബന്ധിക്കുന്ന അവബോധം സൃഷ്‌ടിക്കുകയാണ് കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമെന്ന് പോഷകാഹാരഗവേഷണകേന്ദ്രം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കുട്ടികളിലുണ്ടാകുന്ന വിരശല്യവും തെറ്റായ ആഹാരരീതികളും കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിലേക്ക് ശരിയായി ആഗിരണം ചെയ്യപ്പെടുന്നതിന് തടസ്സമാകുന്നതായും അവര്‍ പറഞ്ഞു. പോഷണവൈകല്യം കണ്ടെത്തിയ 68 ശതമാനം കുട്ടികള്‍ക്കിടയില്‍ അവരുടെ അമ്മമാരുടെ സഹകരണത്തോടെ പോഷകാഹാര നിലവാര നിര്‍ണയ സര്‍വ്വേ നടത്തും. ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും. ഇതിലൂടെ പോഷണവൈകല്യത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. |