G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


Posted: 08 Aug 2015 10:35 AM PDT


ആണവ സ്ഫോടനം നടന്നയുടന്‍ നാഗസാക്കി നഗരത്തെ വിഴുങ്ങി നീങ്ങുന്ന വിഷപ്പുക
ആണവ ദുരന്തത്തിന് എഴുപത് വയസ്സ്
           ലോകചരിത്രത്തിലെ ഏറ്റവും ഭീതിതമായ ആ ദിവസങ്ങള്‍ വീണ്ടും കടന്നുപോവുകയാണ്;ഒരുലക്ഷത്തിഎഴുപതിനായിരത്തിലധികം പച്ചമനുഷ്യര്‍ നിമിഷനേരം കൊണ്ട് പിടഞ്ഞുമരിച്ച 1945 ലെ ആ കറുത്ത ദിനങ്ങള്‍.തങ്ങളുടെ അധീശത്വം ലോകത്തെ ബോധ്യപ്പെടുത്താന്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഇരകളാവുകയായിരുന്നു ഹിരോഷിമയിലേയും നാഗസാക്കിയിലേയും നിരപരാധികളായ ജനസഹസ്രങ്ങള്‍.മരണപ്പെട്ടതിന്റെ എത്രയോ പതിന്‍മടങ്ങ് പേര്‍ ജീവിക്കുന്ന രക്തസാക്ഷികളായി മാറി.അതില്‍പെട്ട ഒരു ഹതഭാഗ്യനെ പരിചയപ്പെട്ടുകൊണ്ട് നമുക്ക് ഈ ദിവസങ്ങള്‍ സ്മരിക്കാം.
           പേര് സുമിത്തേരു തനുഗുച്ചി.പ്രായം 86.പതിനാറാം വയസില്‍ നാഗസാക്കി നഗരത്തില്‍ സൈക്കിളില്‍ കറങ്ങി സാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടേയാണ് അശനിപാതം പോലെ ആ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ സൈക്കിളില്‍ നിന്ന് ദൂരെ തെറിച്ചു വീണത് മാത്രമേ തനുഗുച്ചിക്ക് ഓര്‍ക്കാനാകുന്നുള്ളു.തുടര്‍ന്ന് മൂന്ന് ദിവസം സമനില തെറ്റിയ നിലയില്‍ എവിടെയെല്ലാമോ അലഞ്ഞു തിരിയുകയായിരുന്നു.ശരീരത്തിന് പിറകില്‍ തുണിക്കഷണം പോലെ എന്തോ തൂങ്ങി നില്‍ക്കുന്നതായി മാത്രം ഇതിനിടയില്‍ അദ്ദേഹത്തിന് തോന്നിയിരുന്നു.പിന്നീട് അത് തന്റെ ശരീരഭാഗമാണെന്ന് തിരിച്ചറിഞ്ഞു.ഒടുവില്‍ ആരാലോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട അദ്ദേഹത്തിന് നീണ്ട ഇരുപത്തിഒന്ന് മാസം അവിടെ കഴിയേണ്ടി വന്നു.കൗമാരപ്രായമായതിനാല്‍,നഷ്ടപ്പെട്ട മാംസഭാഗങ്ങല്‍ ഏറെക്കുറെ പുനസ്ഥാപിക്കപ്പെട്ടുവെന്ന് മാത്രം.
           പ്രായാധിക്യവും ദുരന്തം ബാക്കി വെച്ച വൈകല്യങ്ങളും അലട്ടുന്നുണ്ടെങ്കിലും ഇനിയൊരു ആണവദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ട് പോവുകയാണ് ഇദ്ദേഹം.യുദ്ധവെറിയന്‍മാര്‍ പല രൂപത്തിലും ഭാവത്തിലും തലപൊക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തില്‍ സുമിത്തേരു തനുഗുച്ചിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നമുക്കേവര്‍ക്കും ആ മഹാദുരന്തത്തിന്റെ എഴുപതാം വാര്‍ഷികം ആചരിക്കാം.
                 

സുമിത്തേരു തനുഗച്ചി-ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി 
         

No comments:

Post a Comment

Previous Page Next Page Home