ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ജി എച്ച് എസ് എസ് അടൂര്‍

Posted: 24 Nov 2014 07:55 AM PST

മണ്ണില്‍ പൊന്നുവിളയിച്ച് 'കുട്ടിപ്പൊലീസ് '; ജനകീയ കൂട്ടായ്‌മയായി കൊയ്‌ത്തുത്സവം

'എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'


ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
കൃഷിയുടെ വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനം
അത്യുല്‍പാദനശേഷിയുള്ള 'ജ്യോതി' വിത്തുപയോഗിച്ച് ഒറ്റ ഞാര്‍ കൃഷിരീതിയാണ് അവലംബിച്ചത്. സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത് വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. പത്ത് ദിവസം മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനട്ടത്. ഇതുമൂലം കീടശല്യം കുറഞ്ഞു. കളകള്‍ എളുപ്പത്തില്‍ പറിക്കാനും സാധിച്ചു. പറിച്ചുനട്ട്നൂറ്റിപത്താം ദിവസമാണ് കൊയ്‌തത്. ഏകദേശം പന്ത്രണ്ട് ക്വിന്റല്‍ നെല്ല് മെതിയന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. കൂടുതല്‍ ഉയരത്തില്‍ വളരാത്തതിനാല്‍ ഞാറ് പാടത്ത് മറിഞ്ഞ് വീണ് നെല്‍മണികള്‍ നശിക്കുന്ന പതിവും ഇവിടെ ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ പ്രതീക്ഷ പ്രവര്‍ത്തകരുടെയും 'കുട്ടിപ്പൊലീസു'കാരുടെയും പരിചരണവുമുണ്ടായിരുന്നു. മണ്ണില്‍ പൊന്നുവിളയിക്കാന്‍ എല്ലാം മറന്ന് ഒത്തുകൂടിയപ്പോള്‍ സഫലമായത് ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരമാണ്. പഴയതലമുറ കൂടെ കൊണ്ടുനടന്നതും പുതിയ തലമുറക്ക് അന്യമായതുമായ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം അഡൂര്‍ പാടത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തരിശായി

മെതിയന്ത്രം ഉപയോഗിച്ച് നെല്ല് വേര്‍തിരിക്കുന്നു
കിടന്ന പാടം ഒരു കൂട്ടായ്‌മയുടെ നെല്‍ക്കതിരുകള്‍ കൊണ്ട് പച്ചപ്പായപ്പോള്‍ പര്യാപ്‌തതയിലൂന്നിയ ഒരു നാടിന്റെ വികസന വിപ്ലവം പൂവണിയുകയായിരുന്നു. മണ്ണിന്റെയും പ്രകൃതിയുടെയും മാറ്റം കണ്ടറിഞ്ഞ് പച്ചത്തത്തകളും കിളികളും പൂമ്പാറ്റകളും പാടത്ത് ഉത്സവമേളം തീര്‍ക്കുകയായിരുന്നു. പച്ചപ്പട്ട് പുടവ ചാര്‍ത്തിയ മാതിരി പ്രകൃതിരമണീയതയുടെ സൌന്ദര്യത്തിന് ആക്കം കൂട്ടുകയായിരുന്നു. തരിശുനിലം പൊന്നണിഞ്ഞപ്പോള്‍ എസ്.പി.സി. കേഡറ്റുകള്‍ക്ക് പ്രവര്‍ത്തനാനുഭവമായി കിട്ടിയത് അവരുടെ ഭാവി ജീവിതത്തിലേക്കുള്ള മഹത്തായ ഒരു പാഠമാണ്. ഉപഭോക്തൃരീതികളെ പഴിപറഞ്ഞ് കാലം കഴിക്കുന്നവര്‍ തിരിച്ചറിയണം അഡൂരിന്റെ പുതിയ തലമുറയിലെ ഈ കൂട്ടായ്‌മയെ. ഓരോ നാടിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായാല്‍ സ്വയംപര്യാപ്‌തമായ ഒരു കാര്‍ഷിക സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉണ്ടാകും. തരിശുഭൂമി കൃഷിഭൂമിയാക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. പക്ഷെ, താല്‍പര്യവും സജീവ ഇടപെടലും ഏത് ശ്രമകരമായ ദൌത്യത്തെയും വിജയത്തിലെത്തിക്കും. നെല്‍കൃഷിയെ പരിചയമില്ലാത്തവര്‍ക്ക് അഡൂരിലെ കൂട്ടായ്മ നല്‍കുന്നത് അനുഭവ സമ്പത്ത് നിറഞ്ഞ പുതിയ പാഠമാണ്. കര്‍ഷകാനുഭവങ്ങളും ശാസ്ത്രീയ നിര്‍വചനങ്ങളും ആനുപാതികമായി ഒത്തുകൂടിയപ്പോള്‍ അഡൂരിലെ നെല്‍പാടത്തില്‍ നെല്‍ക്കതിരുകള്‍ സമൃദ്ധിയോടെ വിളഞ്ഞു. 120 ദിവസത്തെ ആവേശത്തിനും അധ്വാനത്തിനും പരിസമാപ്‌തിയായി നടത്തിയ കൊയ്‌ത്തുത്സവം യഥാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു. വിവിധ മേഖലകളില്‍ നിന്നായി എത്തിയവര്‍ കതിരണിഞ്ഞ പാടത്തേക്കിറങ്ങിയപ്പോള്‍ അതൊരു ഉത്സവാനുഭവമായി. അതില്‍ ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, അധ്യാപകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍, പ്രതീക്ഷ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുണ്ടായി. കൃഷിയിറക്കിയത് മുതലുള്ള വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനവും ഒരുക്കിയിരുന്നു.
കട്ടിപ്പൊലീസുകാര്‍ കുട്ടിക്കര്‍ഷകരായപ്പോള്‍...!

കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍,  അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.
( അവലംബം : http://www.ghssadoor.blogspot.in/ )

No comments:

Post a Comment

Previous Page Next Page Home