G H S S Patla

G H S S Patla


Posted: 01 Jun 2017 05:49 PM PDT





പത്രവാർത്ത 

പൊടിമക്കള്‍ അക്ഷരതൊപ്പി ചൂടി ചടങ്ങിന് മാറ്റുകൂട്ടി; പട്‌ള സ്‌കൂള്‍ പ്രവേശനോത്സവം ഉമ്മമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

അസ്ലം മാവില 

വേനലവധി കഴിഞ്ഞ് കുട്ടികള്‍ നേരത്തെ സ്‌കൂളിലെത്തിയിരുന്നു. സൗഹൃദം പുതുക്കുന്ന തിരക്കിലാണ് അധികം പേരും. അതൊന്നും ഇന്നും നാളെയും തീരുന്നതല്ലല്ലോ. അവധി ദിനങ്ങളിലെ വീര വാദങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അവര്‍ക്കിനി ഓണപ്പരീക്ഷ വരെ സമയവുമുണ്ട്. അധ്യാപകര്‍ പലരും തിരക്കിലാണ്, പി ടി എ ഭാരവാഹികളും. അവര്‍ക്ക് സ്‌കൂള്‍ മുറ്റത്തെത്തിയ രക്ഷിതാക്കളെ സ്വീകരിക്കണം. കൂടെ വന്ന പൊടിമക്കള്‍ക്കും സൗകര്യമൊരുക്കണം.

പ്രീസ്‌കൂളിലെത്തിയ 35 മക്കള്‍, ഒന്നിലേക്ക് വന്ന 55 കുട്ടികള്‍, എല്ലാവരും നല്ല സന്തോഷത്തിലാണ്. പരിപാടിയുടെ സംഘാടക നേതൃത്വം ഏറ്റെടുത്ത് റാണി ടീച്ചറും നാരായണന്‍ മാഷും സൈദും സി എച്ചും പിടി മാഷും, അവരെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും.  പത്തര കഴിഞ്ഞതോടെ മുറ്റം നിറഞ്ഞു തുടങ്ങി. ആദ്യം തന്നെ സ്ത്രീകളാണ് ഷീറ്റ് കൊണ്ട് തണല്‍ വിരിച്ച സ്‌കൂളങ്കണത്തിലെ കസേരകള്‍ കൈവശപ്പെടുത്തിയത്. ആണുങ്ങള്‍ പതുക്കെപ്പതുക്കെ വന്നുനിറയാന്‍ തുടങ്ങി.

പിന്നെ പ്രോഗ്രാം തുടങ്ങാത്തതിന്റെ ആശങ്കയായി എല്ലാവര്‍ക്കും. അതിഥിയെ കാത്തിരിക്കുകയാണെന്ന് അധികൃതര്‍. അതിനിടയില്‍ കുഞ്ഞുമക്കളുടെ സംഘഗാനം സദസ്സിന്റെ ശ്രദ്ധ മാറ്റി. പഠിച്ചു മറന്ന പാട്ടുകള്‍ പാടിക്കൊണ്ടിരിക്കെ ലക്ഷണമാഷും ഇന്ദു ടീച്ചറും സൈദും അക്ഷര തൊപ്പികളുമായെത്തി, പ്രീസ്‌കൂള്‍ മക്കളും ഒന്നിലെ കുട്ടികളും അനുസരണയോടെ അവര്‍ക്ക് തല കാട്ടിക്കൊടുത്തു.

പ്രവേശനോത്സവത്തിന്റെ തുടക്കമായെന്ന് റാണി ടീച്ചറുടെ ധൃതി പിടിച്ച നടത്തത്തില്‍ നിന്ന് മനസ്സിലായി, പ്രോഗ്രാം അവതാരകനായി നാരായണന്‍ മാഷുമെത്തി. ജില്ലാ ഡിവിഷന്‍ മെമ്പര്‍ മുംതാസാണ് ഉദ്ഘാടക. അധ്യക്ഷന്‍ സൈദ്. വാര്‍ഡ് മെമ്പര്‍ മജീദ്, സി എച്ച് അബ്ദുബക്കര്‍, എച്ച് കെ മാഷ്, അസ്ലം മാവില തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നന്ദിയും. ആരും അധികം പറഞ്ഞില്ല. രക്ഷിതാകള്‍ക്ക് ഉപകാരപ്പെടേണ്ടത് മാത്രം, അതും ചുരുങ്ങിയ വാക്കുകളില്‍.

മധുരം നല്‍കുന്ന തിരക്കായി പിന്നെ. ലഡുവും ഈന്തപ്പഴവുമടങ്ങിയ പാക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കി. പ്രീസ്‌കൂള്‍, ഒന്നാം ക്ലാസ് കുട്ടികള്‍ക്കുളള പി ടി എയുടെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവയുടെ വിതരണോദ്്ഘാടനങ്ങള്‍ അതേ വേദിയില്‍ വെച്ച് തന്നെ നടന്നു.

ഈസ്റ്റ് ലൈന്‍ കൂട്ടായ്മയുടെ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായുളള ടൂള്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അതിന്റെ ഭാരവാഹികള്‍ സ്‌കൂളധികൃതരെ ഏല്‍പിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് സക്കിനയും പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കറും വേദിയില്‍ സന്നിഹിതരായിരുന്നു.

''ഒത്തൊരുമിച്ചാല്‍
മലയും പോരും
ഒത്തില്ലെങ്കില്‍
മലര്‍ന്നു വീഴും
ഒത്താലൊത്തതുതന്നെ''

അക്ഷരക്കൂട് തലയില്‍ ചൂടിയ കുട്ടികള്‍ ആ ഈരടികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം ഈണത്തില്‍ ഉറക്കെ ചൊല്ലി. അതോടെ വര്‍ണ്ണശബളമായ പ്രവേശനോത്സവത്തിന് വിരാമവുമായി. പിഞ്ചുമക്കളെ അധ്യാപകരുടെ സംരക്ഷണവലയത്തില്‍ ഏല്‍പിച്ച് മാതാപിതാക്കള്‍  സ്‌കൂള്‍ അങ്കണം വിടുമ്പോഴും കുഞ്ഞുമക്കള്‍ പാടിയ ഈരടികളുടെ മറ്റൊലി അന്തരീക്ഷത്തില്‍ നിന്ന് മാറിയിരുന്നില്ല.

No comments:

Post a Comment

Previous Page Next Page Home