ലോക പരിസ്ഥിതിദിനാചരണം..
ഗവ:എൽ.പി.സ്കൂൾ,പുഞ്ചാവി
പുഞ്ചാവി: “ഉയരട്ടെ നിങ്ങൾതൻ ശബ്ദം കടൽനിരപ്പുയരാതിരിക്കാൻ.. കാത്തിടാം കാടിനെ,മണ്ണിനെ,വിണ്ണിനെ കടൽനിരപ്പുയരാതിരിക്കാൻ... ഭൂമിയെ ഭൂമിയായ് നിർത്താൻ” -
നാലാം തരത്തിലെ സഹൽ ചൊല്ലിക്കൊടുത്ത മുദ്രാഗീതം ഉറക്കെ ഏറ്റുചൊല്ലിക്കൊണ്ട്,കൈകളിൽ പ്ളക്കാർഡുകളും ഭൂഗോളവുമേന്തി പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രാവിലെ തന്നെ കടപ്പുറത്തേക്ക് നടത്തിയ പരിസ്ഥിതിദിന സന്ദേശമാർച്ച് കാഴ്ചക്കാരിൽ കൌതുകമുണർത്തി.ആഗോളതാപനത്തിന്റെ ഫലമായി കടൽനിരപ്പുയർന്ന് ഭൂമിയിലെ ചെറുദ്വീപുകളുടെ നിലനിൽപ്പ് തന്നെ അപകടാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിൽ ‘’നിങ്ങളുടെ ശബ്ദമാണുയരേണ്ടത്,കടൽ ജലനിരപ്പല്ല”(Raise your voice,not the sea level) എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം മുഴുവൻ ആളുകളിലേക്കും എത്തിക്കുന്നതിനായിരുന്നു കുരുന്നുകളുടെ ഈ കുഞ്ഞുമാർച്ച്.മാർച്ചിനു ശേഷം കടപ്പുറത്ത് ഒത്തുചേർന്ന കുട്ടികൾ, ഭൂഗോള മാത്യ് ക ഓരോ കുട്ടിയിലേക്കും കൈമാറിക്കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാനുള്ള പ്രവർത്തനത്തിൽ തങ്ങളും പങ്കാളികളാകുമെന്ന് പ്രതിജ്ഞ ചെയ്തു..ആഗോള താപനത്തെ ചെറുക്കുന്നതിനും,അതുവഴി കടൽ നിരപ്പുയരുന്നത് തടയുന്നതിനും,ഭൂമിയെ വരും തലമുറയ്ക്കായി നിലനിർത്തുന്നതിനും വേണ്ടി ഒരോരുത്തരും അവരവരുടെ വീടുകളിൽ ഓരോ മരമെങ്കിലും നട്ടുപിടിപ്പിക്കുമെന്ന് തീരുമാനിച്ചുകൊണ്ടാണ് പരിസ്ഥിതിദിന സന്ദേശയാത്ര സമാപിച്ചത്..യാത്രയ്ക്കു മുന്നോടിയായി നടന്ന പ്രത്യേക അസംബ് ളിയിൽ വെച്ച് പരിസ്ഥിതിദിന സന്ദേശത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് പ്രധാനാധ്യാപകൻ കെ. നാരായണൻ പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.അധ്യാപകരായ കെ.എൻ.സുരേഷ്,അഹമ്മദ് അമീൻ,പരമേശ്വരി, പ്രമീള എന്നിവർ പരിപാടിക്ക് നേത്യ് ത്വം നൽകി.
No comments:
Post a Comment