വായനയെ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റാന്‍ - തല്‍സമയ പിന്തുണയുമായി ബി.ആര്‍.സി.ട്രെയിനര്‍....

ക്ലസ്റ്റര്‍ പരിശീലനം കഴിഞ്ഞതിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം.സ്വാഭാവികമായും ഉച്ചഭക്ഷണത്തിനിടയിലുള്ള ഞങ്ങളുടെ ചര്‍ച്ച അതിനെക്കുറിച്ച് തന്നെയായി.വായനയുടെ പ്രക്രിയ,ഭിന്ന നിലവാരക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍,വിലയിരുത്തല്‍-ഇവയുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകളില്‍ നടന്ന ചര്‍ച്ചകളും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളും ഞങ്ങള്‍ പങ്കുവെച്ചു.''നല്ല ആശയം!പക്ഷെ,പ്രായോഗികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.'' ഇതായിരുന്നു പരിശീലനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം.ഭിന്നനിലവാരക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ല എന്നതു തന്നെയായിരുന്നു ഞങ്ങളും നേരിടുന്ന പ്രശ്നം.എന്തായാലും ക്ലസ്ട്ടരില്‍  നിന്നും കിട്ടിയ അറിവ് ക്ലാസ് മുറിയില്‍ പരീക്ഷിച്ചു നോക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.പരിശീലനത്തിനു നേതൃത്വം നല്‍കിയ ആനന്ദന്‍ മാഷിനോട് പറയേണ്ട താമസം തല്‍സമയ പിന്തുണയുമായി സ്കൂളിലെത്താന്‍ മാഷ്‌ റെഡി!


      ഡിസംബര്‍ 22 നു രാവിലെ തന്നെ മാഷ്‌ സ്കൂളിലെത്തി.S R G യോഗം ചേര്‍ന്നു.പുതിയ പാഠം തുടങ്ങാനുള്ള ക്ലാസ്സില്‍ എല്ലാവരുടെയും സഹായത്തോടെ വായനാപ്രവര്‍ത്തനം try out ചെയ്യാന്‍ ധാരണയായി.''മൂന്നാം ക്ലാസ്സില്‍ നാളെ പുതിയ പാഠം തുടങ്ങാനിരിക്കുകയാണ്.''സീമ ടീച്ചര്‍ പറഞ്ഞു.''എങ്കില്‍ മൂന്നാം ക്ലാസ്സില്‍ നിന്നുതന്നെയാകട്ടെ തുടക്കം,ആസൂത്രണം ഇന്ന് നടത്താം.''ആനന്ദന്‍ മാഷിന്റെ നിര്‍ദേശം.അങ്ങനെ 'തോല്‍ക്കാത്ത കാളി'എന്ന പാഠത്തിന്റെ ആസൂത്രണം ടീച്ചറും മാഷും ചേര്‍ന്നു നടത്തി.ആവശ്യമായ ബോധന സാമഗ്രികളും തയ്യാറാക്കി.     
      23 നു രാവിലെ ക്ലാസ്സ് തുടങ്ങി.'ചോര തുടിക്കും  ചെറു കയ്യുകളെ,പേറുക വന്നീ പന്തങ്ങള്‍'എന്ന വിപ്ലവ ഗാനം കൂട്ടപ്പാട്ടായി പാടിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന്, പാഠഭാഗത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനായി 'ജാതി മതില്‍' എന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിച്ച്‌ കുട്ടികളെ ക്കൊണ്ടു വായിപ്പിച്ചു.''ഇങ്ങനെയായിരുന്നുവോ നിങ്ങളുടെ നാട്ടിലെയും അവസ്ഥ?''കുട്ടികളോടായി ടീച്ചറുടെ ചോദ്യം.പ്രതികരണങ്ങള്‍ ക്കൊടുവില്‍ 'പണ്ടത്തെ കേരളം' ചാര്‍ട്ട് കാണിച്ച് വീണ്ടും വായനയ്ക്കുള്ള അവസരം.
       ''ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെങ്കില്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും?''
ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് നല്ല പ്രതികരണങ്ങള്‍ തന്നെയുണ്ടായി.ഈ അവസരത്തില്‍ അയ്യന്‍ കാളിയെ പരിചയപ്പെടുത്തിക്കൊന്ടു വീണ്ടും ടീച്ചറുടെ ചോദ്യം,''ഈ കാലത്ത് ജീവിച്ചിരുന്ന അയ്യങ്കാളി എങ്ങനെയായിരിക്കും പ്രതികരിച്ചിരിക്കുക?'' തോല്‍ക്കാത്ത കാളി എന്ന പാഠഭാഗം വായിച്ച് ഉത്തരം കണ്ടെത്താന്‍ നിര്‍ദേശം.വ്യക്തിഗത വായനയിലൂടെ കണ്ടെത്തിയ കാര്യം ഒന്ന് രണ്ടു കുട്ടികള്‍ അവതരിപ്പിച്ച ശേഷം ഗ്രൂപ്പായി വായിച്ച്, കണ്ടെത്തലുകള്‍ പങ്കിടാന്‍ നിര്‍ദേശം.
           പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പാഠത്തിന്റെ സംഗ്രഹിച്ച കുറിപ്പ് നല്‍കി വായിപ്പിക്കുകയാണ് ചെയ്തത്..ടീച്ചറും,ട്രെയിനറും,ഞാനും കുട്ടികളുടെ അടുത്തിരുന്ന് വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. പുസ്തകത്തിലെ ചില വാക്കുകള്‍ തൊട്ടു കാണിക്കാനും,നിര്‍ദേശിച്ച വാക്കുകള്‍ക്ക്  അടിവരയിടാനും അവര്‍ക്ക് കഴിഞ്ഞു.        
         ഭാവം ഉള്‍ക്കൊണ്ടു കൊണ്ടുള്ള ശ്രാവ്യ വായനയായിരുന്നു പിന്നീട്.കുട്ടികള്‍ വിവിധ കഥാപാത്രങ്ങളുടെ സംഭാഷണ ഭാഗങ്ങള്‍ വീതിച്ചാണ് ഗ്രൂപ്പില്‍ വായിച്ചത്.ഇവിടെയും പിന്നാക്കക്കാരെ  പരിഗണിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.               കഥാപാത്രങ്ങള്‍,പ്രധാന സംഭവങ്ങള്‍ തുടങ്ങിയവ പറയിക്കലും എഴുതിക്കലും  ആയിരുന്നു തുടര്‍ന്ന് നടന്ന പ്രവര്‍ത്തനങ്ങള്‍.കഥാപാത്രങ്ങളുടെ പേരുകള്‍ മിക്കവാറും എല്ലാ കുട്ടികളും പറഞ്ഞു.ഒന്നോ രണ്ടോ സംഭവങ്ങള്‍ പറയാനും പലര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല.എഴുതുന്ന കാര്യത്തിലും,വാക്യങ്ങള്‍ ചിട്ടപ്പെടുത്തി തെറ്റ് കൂടാതെ പറയുന്ന കാര്യത്തിലും ചില കുട്ടികള്‍ ഇനിയും മെച്ചപ്പെടാന്‍ ഉണ്ട്....എങ്കിലും ആസ്വാദ്യകരമായ ഒരു അനുഭവമായി വായനയെ മാറ്റിയെടുക്കുക വഴി പിന്നാക്കക്കാരെയും മെല്ലെമെല്ലെ മുന്നോട്ടു നയിക്കാന്‍ കഴിയും എന്ന തിരിച്ചറിവാണ് ഇന്നത്തെ try out ല്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത്.അപ്പോഴും അധ്യാപികമാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്,''രണ്ടാം ഭാഗം പുസ്തകത്തില്‍ ഇനിയും പാഠങ്ങള്‍ ഒരുപാടു ബാക്കിയുണ്ട്.ഇങ്ങനെ പോയാല്‍ എപ്പോള്‍ പാഠം തീരും?''
  ''സംഗതി  ശരിയാണ്.പക്ഷെ,ഇങ്ങനെയല്ലാതെ പോയി പാഠം തീര്‍ത്തിട്ട്  എന്തു കാര്യം?'' ഞാന്‍ അവരോടു പറഞ്ഞു.........
       S R G  കൂടി വിലയിരുത്തിയപ്പോള്‍ മറ്റൊരു സംശയവും കൂടി ഉയര്‍ന്നുവന്നു,തികച്ചും ന്യായമായ സംശയം,ആരും ചോദിച്ചുപോകുന്ന സംശയം!          
    ''മൂന്നു പേര്‍ കൂടിയല്ലേ ഇന്ന് ക്ലാസ് കൈകാര്യം ചെയ്തത്?എല്ലായ്പോഴും ഇതിനു കഴിയുമോ?''                                                                                                                                                 
                              ''തീര്‍ച്ചയായും കഴിയില്ല.പക്ഷെ,ഇതും ഒരു സാധ്യതയാണ്.ടീം ടീച്ചിങ്ങിന്റെ സാധ്യത! വല്ലപ്പോഴും  പരീക്ഷിച്ചു നോക്കാവുന്നത്.എസ്.എസ്.ജി.അംഗങ്ങളുടെ സഹായത്തോടെയോ, സാധാരണ പഠന സമയം കഴിഞ്ഞോ ,വായന ഒരു അനുഭവമാക്കി മാറ്റാന്‍ ഈ രീതി സ്വീകരിക്കാലോ?''
         .....എന്റെ 'കണ്ടെത്തല്‍'സഹപ്രവര്‍ത്തകരെ ചിന്താകുഴപ്പത്തിലാക്കിയിരിക്കുമോ?ഏയ്!ഉണ്ടാവാനിടയില്ല.വായന മെച്ചപ്പെടുത്താനും 
   പിന്നാക്കക്കാരെ മുന്നാക്കം എത്തിക്കുന്നതിനുമായി ഇനിയുള്ള ദിവസങ്ങളില്‍ മൂന്നര മുതല്‍ നാലര               വരെയുള്ള സമയം വിനിയോഗിക്കണമെന്ന് ഞങ്ങള്‍ അന്നേ തീരുമാനിച്ചിരുന്നതാണല്ലോ..... 

GFLPS BEKAL

ക്ലാസ്സിലൊരു നാടകം,അഭിനേതാക്കളായി മുഴുവന്‍ കുട്ടികളും!....

രണ്ടാം ക്ലാസ്സിലെ 'അപ്പുവിന്റെ വീട്' എന്ന പാഠം തുടങ്ങുന്നത് ഇങ്ങനെ....
       കുഴികുത്തി കമ്പുനാട്ടുകായായിരിന്നു അപ്പു.
 കൂമന്‍ കാവിലെ കുഞ്ഞിക്കിളി അപ്പോള്‍ അതുവഴി വന്നു.
     ''എന്താ അപ്പൂ ഈ ചെയ്യണത്? ''
     ''ഞാനൊരു വീടുകെട്ടുകയാ.''
      ''ഇങ്ങനെയാണോ വീടു കെട്ടുന്നത്?''
  കുഞ്ഞിക്കിളി ചിരിക്കാന്‍ തുടങ്ങി.
       ''പിന്നെങ്ങനെയാ?''
       ''വീടുണ്ടാക്കാന്‍ കരിങ്കല്ലു വേണ്ടേ?''
       ''കരിങ്കല്ല് എവിടെനിന്നു കിട്ടും?''
       ''മഞ്ചാടിക്കാട്ടിലെ മാമലയോടു ചോദിച്ചാല്‍   
         മതി.കരിങ്കല്ല് കിട്ടാന്ടിരിക്കില്ല.''
       ''എന്തിനാ കുഞ്ഞിക്കിളീ കരിങ്കല്ല്?''
   മറുപടി പറയാതെ കുഞ്ഞിക്കിളി ചിറകടിച്ച് 
   പറന്നു പോയി.മാമല അപ്പുവിനു കരിങ്കല്ല്   
   കൊടുത്തു.കരിങ്കല്ലുകൊണ്ടു അപ്പു
   വീടുണ്ടാക്കാന്‍ തുടങ്ങി.


               .........ഇങ്ങനെ പോകുന്നു കഥ.പിന്നീട് അതുവഴിവന്ന കാവതിക്കാക്കയും,കരിയിലക്കിളിയും,
പഞ്ചമിപ്രാവും അപ്പു വീടു കെട്ടുന്നത് കണ്ടു കളിയാക്കി.വീടുകെട്ടാന്‍ ആവശ്യമായ മറ്റു വസ്തുക്കളെ ക്കുറിച്ചും,ഓരോന്നും കിട്ടുന്ന സ്ഥലത്തെക്കുറിച്ചും അവര്‍ അപ്പുവിനു പറഞ്ഞുകൊടുത്തു.അവന്‍ പോയി എല്ലാം കൊണ്ടുവന്നു.പക്ഷെ എന്തു കാര്യം?അവനു വീട് കെട്ടാന്‍ അറിയില്ലല്ലോ!അവന്റെ വീട് കണ്ടവരെല്ലാം കളിയാക്കിച്ചിരിച്ചു.അവസാനം ഒരു അമ്മാമന്‍ വന്ന് വീട് കെട്ടാന്‍ സഹായിച്ചു,..അങ്ങനെകരിങ്കല്ല് കൊണ്ടു തറയും, ചെങ്കല്ലുകൊന്ടു ഭിത്തിയും,ഓടുകൊണ്ടു മേല്ക്കുരയും ഉള്ള,ജനലും വാതിലും ഉള്ള ഒരു കൊച്ചു വീട് അവനു സ്വന്തം!
        .....ഓട്ടവീണ ചാക്കിനുള്ളിലൂടെ മഴത്തുള്ളികള്‍ മുഖത്തു വീണപ്പോള്‍ അപ്പു കണ്ണ് തുറന്നു.പഴന്തുണി കെട്ടിയ ഭിത്തി കാറ്റില്‍ ഉയര്‍ന്നു പൊങ്ങുന്നത് അവന്‍ സങ്കടത്തോടെ നോക്കി.എന്നിട്ട് അമ്മയോട് പറഞ്ഞു,
  ''ഞാനൊരു വീടു കെട്ടുമ മ്മേ....ഈ ചാക്കുകൊന്ടുള്ള വീടൊന്നുമല്ല.കരിങ്കല്ലു കൊണ്ടു തറയും,ചെങ്കല്ല് കൊണ്ടു ഭിത്തിയും ഉള്ള വീടു....വാതിലും  ജനലുമുള്ള നല്ല വീട്...ചോരാത്ത വീട്......''


          അമ്മ അവനെ കെട്ടിപ്പിടിച്ചു.


  
                                   .....ഇത്രയുമാണ് കഥ.അവസാനമായപ്പോള്‍ കുട്ടികളെല്ലാവരും ഒന്നിച്ചു പറഞ്ഞു,''മാഷേ,ഇത് നമ്മക്ക് നാടകമാക്കാം''
     '' ശരി, എങ്കില്‍ നാടകത്തിലെ കഥാപാത്രങ്ങളുടെ
       പേര് എല്ലാവരും പ്രവര്‍ത്തന പുസ്തകത്തില്‍
       എഴുതിനോക്കൂ..'' 
ഞാന്‍ പറയേണ്ട താമസം,കുട്ടികള്‍ എഴുത്ത് തുടങ്ങി!
      ''വരുണ്‍ ഒന്ന് വായിക്കൂ''  ക്ലാസ്സിലെ പിന്നാക്കക്കാരനായ  കുട്ടിക്ക് ഞാന്‍ ആദ്യ അവസരം നല്‍കി,പറഞ്ഞ പേരുകള്‍ ചാര്‍ട്ടില്‍ എഴുതി.വിട്ടുപോയവ മറ്റുള്ളവര്‍ കൂട്ടിച്ചേര്‍ത്തു....
         -അപ്പു
         -കുഞ്ഞിക്കിളി
         -മാമല
         -കാവതിക്കാക്ക
         -ചെങ്കല്‍ക്കുന്നു
         -കരിയിലക്കിളി
         -മൂത്താശാരി
         -പഞ്ചമിപ്രാവ്
         -ഓട്ടുമൂപ്പന്‍
         -അമ്മാവന്‍
         -അമ്മ
''ഇനി,ആരൊക്കെയാ അഭിനയിക്കുക?''
''ഞാന്‍...ഞാന്‍...''എല്ലാവരും തയ്യാര്‍.
''എന്നാലൊരു കാര്യം ചെയ്യാം,ആരാ നന്നായി വായിക്കുന്നതെന്ന് നോക്കട്ടെ.അവരെക്കൊണ്ടു അഭിനയിപ്പിക്കാം ..എല്ലാവരുംഒറ്റയ്ക്കൊറ്റയ്ക്കു വായിച്ചു നോക്കൂ.''

       ....പിന്നീട് ഗ്രൂപ്പുവായനായിലൂടെ പരസ്പരം വിലയിരുത്തുന്നതിനും നല്ല വായനക്കാരെ കണ്ടെത്തു ന്നതിനും അവസരം നല്‍കി. വിലയിരുത്തല്‍ സൂചകങ്ങളും കുട്ടികള്‍ തന്നെ വികസിപ്പിച്ചു. ഗ്രൂപ്പിലെ ഒരാള്‍ നരേട്ടരും മറ്റുള്ളവര്‍ വിവിധ കഥാപാത്രങ്ങളുമായി മാറിക്കൊന്ടുള്ള  പാഠം വായനയായിരുന്നു പിന്നീട്.
         വായനയ്ക്കൊടുവില്‍ കുട്ടികള്‍ തന്നെ കണ്ടെത്തി,ആരോക്കെയായിരിക്കണം നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എന്ന്!     
    ''അപ്പോള്‍,ബാക്കിയുള്ളവരോ?''
     ''കാണാനും ആളുകള്‍ വേണ്ടേ?'' ശരത്തിന്റെതാണ് ചോദ്യം.
    ''കാണാന്‍ നമുക്ക് ആരെയെങ്കിലും വിളിക്കാം.തല്‍ക്കാലം എല്ലാവരെയും നമുക്ക് അഭിനയിപ്പിക്കണം ..അതിനെന്താ വഴി?''
       ...ഒടുവില്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് വഴി കണ്ടെത്തി...അങ്ങനെ ക്ലാസ്സിലെ 22  കുട്ടികളും ഒറ്റ നാടകത്തിലെ അഭിനേതാക്കളായി മാറി...പരിശീലനം തുടങ്ങി....നാടകം റെഡി!
     '' ഇനി കാണികള്‍ വേണമല്ലോ '' വീണ്ടും ശരത്ത്.
അടുത്ത C P T A യോഗത്തിലെ,ക്ലാസ് ബാലസഭയില്‍ നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി.
   ''എല്ലാവരും അഭിനയിക്കുന്ന നാടകമാണ്.അതുകൊണ്ടു എല്ലാവരുടെ വീട്ടില്‍ നിന്നും ആളുകള്വരണം''.ഞാന്‍ പറഞ്ഞത് കുട്ടികള്‍ അക്ഷരംപ്രതി അനുസരിച്ചു .ജനുവരി അഞ്ചിന് നടന്ന C P T A യോഗത്തില്‍ 21 കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു!ആകാശിന്റെ അമ്മയ്ക്ക് പണിക്കു പോകേണ്ടി വന്നതിനാല്‍ അന്നത്തെ യോഗത്തിനു എത്താന്‍ കഴിഞ്ഞില്ല.മീറ്റിങ്ങ് കഴിഞ്ഞ ഉടനെ ഞാന്‍ ആകാശിന്റെ വീട്ടില്‍ പോയി അമ്മയെ കണ്ടു കാര്യങ്ങള്‍ പറയുകയും ചെയ്തു.
            ......രണ്ടാം ക്ലാസ്സില്‍ മാത്രമല്ല,മറ്റു ക്ലാസ്സുകളിലും ഇതേ ദിവസം നടന്ന യോഗങ്ങളില്‍ കുട്ടികള്‍ ഇതുപോലുള്ള പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.യോഗങ്ങല്‍ക്കൊടുവില്‍ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു.ഇത്തവണ എന്തു തന്നെയായാലും സ്കൂള്‍ വാര്‍ഷികാഘോഷം നടത്തണം...നാട്ടുകാരെ മുഴുവന്‍ വിളിക്കണം ...അവരുടെ മുമ്പില്‍ മുഴുവന്‍ കുട്ടികളുടെയും പ്രകടനങ്ങളും വേണം..അതെ,ഈ വര്‍ഷത്തെ സ്കൂള്‍ മികവിന്റെ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഞങ്ങളുടെ കടപ്പുറത്ത് തുടങ്ങിക്കഴിഞ്ഞു!

GFLPS BEKAL

ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യം...

കാസര്കോട്: ഇംഗ്ളീഷ് പഠിക്കാന്‍ പൊതുവിദ്യാലയം മതിയെന്ന് തെളിയിച്ച് അടുക്കത്ത്ബയല്‍ ഗവ. ഫിഷറീസ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ നന്നായി തങ്ങള്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനും എഴുതാനും കഴിയുമെന്ന് തെളിയിക്കുന്നതിന് ഇവര്‍ പ്രത്യേക പിടിഎ യോഗംതന്നെ വിളിച്ചു. ഇംഗ്ളീഷിലുളള ക്ഷണക്കത്തു മുതല്‍ യോഗ നടപടികളും കലാപരിപാടികളും കുട്ടികള്‍തന്നെ തയ്യാറാക്കി തങ്ങളുടെ കഴിവ് അവര്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പുകള്‍, പോസ്റ്ററുകള്‍, കഥകള്‍, കവിതകള്‍ എന്നിവയുടെ പ്രദര്‍ശനം കുട്ടികളുടെ അറിവനുഭവത്തിന്റെ നേര്‍ക്കാഴ്ചയായി.

കനത്ത ഫീസ് നല്‍കി ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കാന്‍ കൂടിയാണ് ഫിഷറീസ് സ്കൂളിലെ കുട്ടികള്‍ ഇംഗ്ളീഷില്‍ തങ്ങളുടെ കഴിവ് പരസ്യമായി പ്രദര്‍ശിപ്പിച്ചത്. രഷിതാക്കള്‍ക്ക് മുന്നില്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷ് ക്ളാസെടുത്തും തങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവതാനുഭവങ്ങള്‍ നാടക രൂപത്തിലാക്കി കുട്ടികള്‍ അവതരിപ്പിച്ചതും കുട്ടികളുടെ ഇംഗ്ളീഷ് പഠനനിലവാരം ബോധ്യപ്പെടുത്തുന്നതായിരുന്നു.

ഇംഗ്ളീഷ് പിടിഎ യോഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയദേവന്‍, ഹെഡ്മിസ്ട്രസ് വി കെ ഷെര്‍ളി, പ്രമീള എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ കാവ്യ അധ്യക്ഷയായി. ഉണ്ണിമായ സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
(ജനശക്തിയോടു കടപ്പാട് , ചൂണ്ടു വിരലിനോടും )

പുതു വര്‍ഷത്തിലെ ആദ്യ സ്കൂള്‍ ദിനത്തിനായ്...


                                    സുജി ടീച്ചര്‍ 'പൊതിയുമായി ക്ലാസ്സില്‍  
                     എത്തിയപ്പോഴേ      ഒന്നാം  ക്ലാസ്സിലെ കുട്ടികള്‍ 
           വിളിച്ചുപറഞ്ഞു,''ക്രിസ്മസ് കേക്ക്,ക്രിസ്മസ് കേക്ക്''
   ..അവര്‍ക്കറിയാം,ക്രിസ്മസ് അവധിക്കു സ്കൂള്‍ അടക്കുന്ന ഇന്ന് ടീച്ചര്‍ എല്ലാവര്‍ക്കും  കേക്ക് തരുമെന്ന്! അതുകൊണ്ടു തന്നെ ടീച്ചരുടെ വരവും കാത്തിരിക്കുകയായിരുന്നു,അവര്‍..പ്രതീക്ഷയോടെ!
            .... ഒന്നാം ക്ലാസ്സില്‍ മാത്രമല്ല,എല്ലാക്ലാസ്സിലും ഇന്ന് ടീച്ചര്‍മാര്‍ എത്തിയത് ക്രിസ്മസ് കേക്കുമായാണ്.അതാണ്‌ ഇവിടുത്തെ പതിവ്. ക്ലാസ് ടീച്ചരുടെ സ്വന്തം ചെലവില്‍ മുഴുവന്‍ കുട്ടികള്‍ക്കും ക്രിസ്മസ് കേക്ക്.കുട്ടികള്‍ക്ക് മാത്രമല്ല,സ്കൂളില്‍ എത്തുന്ന അതിഥികള്‍ക്കും!
         ...''എല്ലാവര്‍ക്കും കേക്ക് തരാം,പക്ഷെ ക്രിസ്മസ്സിനെക്കുറിച്ചു  എനിക്ക് പറഞ്ഞു തരണം''-കുട്ടികള്‍ക്ക് സ്വതന്ത്ര ഭാഷണത്തിനുള്ള അവസരം ഒരുക്കുകയായിരുന്നു,ടീച്ചര്‍ ! ക്രിസ്മസ് അപ്പൂപ്പന്‍,ക്രിസ്മസ് സ്റാര്‍,ക്രിസ്മസ് കരോള്‍,ക്രിസ്മസ് കാര്‍ഡ്...ഇങ്ങനെ പല കാര്യങ്ങളും കുട്ടികള്‍ ടീച്ചര്‍ക്ക് പറഞ്ഞുകൊടുത്തു.അപ്പോള്‍ ടീച്ചര്‍ക്ക് ഒരു സംശയം,''...... എവിടുന്നാ ക്രിസ്മസ് കാര്‍ഡ് കിട്ട്വാ?അതിനു പൈസ വേണ്ടേ?''പലരും പലതും പറഞ്ഞു.
കൂട്ടത്തില്‍,ടീച്ചറുടെ മനസ്സ് വായിച്ച ഒരു മിടുക്കന്‍ പറഞ്ഞു,  ''പൈസയൊന്നും വേണ്ട..നമ്മക്കന്നെ ആക്ക്യാപ്പോരെ?''
                   ആശംസാ കാര്‍ഡ് നിര്‍മ്മിക്കലായി അടുത്ത പരിപാടി. ടീച്ചര്‍ ചാര്‍ട്ട് പേപ്പര്‍ മുറിച്ച്  കുട്ടികള്‍ക്കു നല്‍കി,ഒപ്പം ക്രയോണുകളും.  ചുരുങ്ങിയ സമയം കൊണ്ടു കാര്‍ഡുകള്‍ റെഡി.''ഇനി ഇത് ആര്‍ക്കാ കൊടുക്ക്വാ?''
       ''ടീച്ചര്‍ക്ക്!'' എല്ലാരും ഒന്നിച്ചു പറഞ്ഞു.
      ''ഇത്രയധികം കാര്‍ഡ് എനിക്കെന്തിനാ...ഒരു കാര്യം ചെയ്യാം.നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന കൂടുകാരനോ,കൂടുകാരിക്കോ കാര്‍ഡു നല്‍കിയാലോ? ''

          '' ശരി ''  എല്ലാവരും സമ്മതിച്ചു.
    ''കാര്‍ഡ് കൈമാറുമ്പോള്‍ എന്താ പറയേണ്ടത്?''
         ''ഹാപ്പി ക്രിസ്മസ്!ഹാപ്പി ക്രിസ്മസ്!..''
              ......ടീച്ചറും കുട്ടികളും ഒന്നിച്ചു പാടി.പിന്നെ,കേക്ക് മുറിച്ചു.അപ്പോഴും കുട്ടികള്‍ പാടിക്കൊ ണ്ടിരുന്നു ..
          '' ഹാപ്പി ക്രിസ്മസ്......ഹാപ്പി ക്രിസ്മസ്....''
                                          
   ''ഇനി ടീച്ചര്‍ക്കും വേണം ഒരു ആശംസാ കാര്‍ഡ് !''
         ''എല്ലാം കൂട്ടുകാര്‍ക്കു   കൊടുത്തില്ലേ?''കുട്ടികള്‍ക്ക് സങ്കടമായി.
    ''  ഓ..സാരമില്ല,സ്കൂള്‍ തുറന്നു വരുമ്പോള്‍ തന്നാല്‍ മതി''
ടീച്ചര്‍ സമാധാനിപ്പിച്ചു.''
     ''അപ്പോഴേക്കും ക്രിസ്മസ് കഴിയില്ലേ?'' ആദിത്യനു സംശയം.
  ''പുതിയ കൊല്ലമല്ലേ ഇനി എല്ലാരും സ്കൂളില്‍ വരൂ..പുതുവര്‍ഷത്തിലും ആശംസാ കാര്‍ഡുകള്‍ നല്‍കാമല്ലോ, ടീച്ചര്‍ക്ക് അതു മതി.''
       '' അപ്പൊ, അതിലെന്താ എഴുത്വാ?''ജനിക്കു സംശയം.
                 '' എക്കിട്ടി!''(എനിക്കു കിട്ടി )  തന്റെ നാടന്‍ ഭാഷയില്‍ ആദിത്യന്‍ വിളിച്ചു പറഞ്ഞു,
                     '' Happy New Year ''
 
        ടീച്ചര്‍ ബോര്‍ഡില്‍ എഴുതി...ഇംഗ്ലീഷിലും മലയാളത്തിലും.
                              '' Happy New Year ''
                        പുതുവത്സരാശംസകള്‍ !
                                                                                                 
                                                 ...മറ്റു ക്ലാസ്സുകളിലും സമാനമായ 
                                           രീതിയില്‍ത്തന്നെ ക്രിസ്മസ് ആഘോഷം 
  ഭംഗിയായിനടന്നു.ഞങ്ങള്‍കാത്തിരിക്കുകയാണ്,പുതുവര്‍ഷത്തിലെ  ആദ്യ സ്കൂള്‍ ദിനത്തില്‍ കുഞ്ഞുങ്ങളില്‍ നിന്നും ആശംസാകാര്‍ഡുകള്‍ക്കായി!
അധ്യാപികമാര്‍ കുട്ടികളുടെ വീടുകളിലേക്ക്. .....




''നാളെ ക്രിസ്മസ് അവധിക്കു സ്കൂള്‍ അടക്കുകയാണല്ലോ,ഈ അവധിക്കാലത്തിന്റെ ആദ്യ ദിവസം നമുക്ക് നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ വീടുകളിലേക്ക് പോയാലോ?'' എസ.ആര്‍ജി.യോഗത്തില്‍ ഞാന്‍ വെച്ച നിര്‍ദേശം എല്ലാ അധ്യാപികമാരും അംഗീകരിച്ചു.ഒറ്റ ദിവസം കൊണ്ടു ഓരോ ക്ലാസ് ടീച്ചറും അവരവരുടെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കണം,ഇതായിരുന്നു പരിപാടി.കഴിഞ്ഞഅധ്യയന വര്‍ഷം ചെയ്തതുമാതിരി വിവര ശേഖരണത്തിനായി ഒരു ചോദ്യാവലിയും ഞങ്ങള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തി...'എന്റെ കുട്ടികളെക്കുറിച്ചു'..........                                                                                                                                                                   കുട്ടികളുടെ രക്ഷിതാക്കളുമായി അടുത്തു പരിചയപ്പെടുക,കുടുംബ പശ്ചാത്തലം നേരിട്ട് മനസ്സിലാക്കുക ,പഠനത്തിനു പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുക,പിന്നാക്കക്കാരുടെ  പ്രശ്നങ്ങള്‍ 
കുടുംബാംഗങ്ങലുമായി   പങ്കുവെച്ച്ചു  പരിഹാരമാര്ഗങ്ങള്‍ വികസിപ്പിക്കു...ഇവയൊക്കെ സന്ദര്‍ശനലകഷ്യങ്ങള്‍ ആയിരുന്നു.                                               തീരുമാനിച്ച പ്രകാരം ഇന്നലെ രാവിലെ 9.30 നു തന്നെ ഞങ്ങള്‍ നാലുപേരും സ്കൂളില്‍ എത്തി.ഞങ്ങളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടി കുറെ കുട്ടികള്‍ അതിനു മുമ്പുതന്നെ സ്കൂളില്‍ എത്തിയിരുന്നു.വൈകുന്നേരം അഞ്ചുമണിക്ക് സ്കൂളില്‍ തിരിച്ചെത്തണം എന്നാ ധാരണയില്‍ ഞങ്ങള്‍ കുട്ടികളോടൊപ്പം വീടുകളിലേക്ക് പുറപ്പെട്ടു...മിക്ക വീടുകളിലും രക്ഷിതാക്കള്‍ ഞങ്ങളെയും കാത്തു നില്‍പ്പുണ്ടായിരുന്നു.രാവിലെ കടലില്‍ നിന്നും വന്ന ശേഷം വീണ്ടും കടലിലേക്ക് പോയതിനാല്‍ പല കുട്ടികളുടെയും അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.തിരിച്ചെത്താന്‍ വൈകുമെന്ന് അമ്മമാര്‍ പറഞ്ഞു.                                                                കുട്ടിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ക്ലാസ് ടീച്ചര്‍ വീട്ടിലെത്തിയതില്‍  എല്ലാവര്ക്കും വളരെ സന്തോഷം!അധ്യാപികമാരെ കയറ്റിയിരുത്താന്‍ ഒരു കസേര പോലും ഇല്ലാത്തതില്‍ ചിലര്‍ക്ക് വിഷമം .അതൊന്നും സാരമില്ലെന്നു ഞങ്ങള്‍ അവരോടു പറഞ്ഞു.                                                  സത്യത്തില്‍ പല വീടുകളിലെയും  അവസ്ഥ വളരെ ദയനീയം തന്നെ.ഇവിടെ   കാണുന്ന തരത്തിലുള്ള കൊച്ചു വീടുകളില്‍ 20 ഉം 25 ഉം അതിലധികവും ആളുകള്താമസിക്കുന്നു.ഒരു വീട്ടില്‍ത്തന്നെ നാലും അഞ്ചും കുടുംബങ്ങള്‍!  സ്വന്തമായി ഒരുതരി  മണ്ണുപോലും ഇല്ലാത്തവരും ഏറെയുണ്ട് .താമസിക്കുന്ന വീടുമാത്രം സ്വന്തമെന്നു പറയാം.സ്ഥലത്തിന്റെ ഉടമകള്‍ മറ്റാരൊക്കെയോ ആണത്രേ!  എന്നിട്ടും ആരോടും പരിഭവം പറയാതെ അവര്‍ ഇവിടെ ജീവിക്കുന്നു,വര്‍ഷങ്ങളായി!                                                                                                 ഇത്രയധികം ആളുകള്‍ ഒരുമിച്ചു         താമസിക്കുമ്പോള്‍ എങ്ങനെയാണ് വീട്ടില്‍നിന്നു പഠിക്കുക?ഇരുന്നു വായിക്കാന്‍ പ്രത്യേകം മുറിയോ,കസേരയോ,മേശയോ ഒന്നും പലയിടത്തും ഇല്ല........വീടുകളിലെല്ലാം വൈദ്യുതിയെത്തിയത് ആശ്വാസമാണെങ്കിലും  ടെലിവിഷന്‍ ,പഠനത്തിനു   തടസ്സം നില്‍ക്കുകയാണ്.എല്ലാവരും ഇരുന്നു ടി.വി കാണുന്ന സ്ഥലത്തുനിന്നുതന്നെയാണ് മക്കളുടെ പഠിത്തവും!        മദ്യപാനം സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍ വേറെയും.............                                                                                                 മക്കളെ വേറെ മുറിയില്‍ ഇരുത്തി പഠിക്കാന്‍ സൌകര്യമൊരുക്കുന്ന ചില രക്ഷിതാക്കളെയും ഞങ്ങള്‍  കണ്ടു.പക്ഷെ ഇപ്പുറത്തെ ബഹളത്തിനിടയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമോ ആവോ!                                               
                                                                                                                                       
.....84 കുട്ടികളുടെയും വീടുകളില്‍  വൈകുന്നെരാമാകുംപോഴേക്കും ഞങ്ങള്‍ പോയി.ഇവയില്‍ കക്കൂസ് ഉള്ള വീടുകള്‍ കേവലം നാല്!തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുതെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടു പിന്നെന്തു കാര്യം?സ്ഥലമില്ലാത്തതുതന്നെയാണ് കക്കൂസ് നിര്‍മാണത്തിന് വിഘാതമായി നില്‍ക്കുന്ന ഘടകം.പൊതുകക്കൂസുകള്‍ നിര്‍മിച്ചു നല്‍കുകയാണ് ഇവിടെ പ്രായോഗികം.ആകെ ഉള്ളതാകട്ടെ ഒരേയൊരു പൊതു കക്കൂസും!അതിലേക്കു വെള്ളം എത്തിക്കാത്തതിനാല്‍ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്നു!ഇക്കാര്യം പഞ്ചായത്ത് മെമ്പരുടെ   ശ്രദ്ധയില്‍ പെടുത്തിയിട്ടാണ് ഞങ്ങള്‍ മടങ്ങിയത്.ഞങ്ങളുടെ മുന്‍ മദര്‍ പി.ടി.ഇ പ്രസിടന്റുകൂടിയായ പഞ്ചായത്ത് മെമ്പര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.    
  വൈകുന്നേരം അഞ്ചര കഴിഞ്ഞു,ഗൃഹസന്ദര്‍ശനം തീരാന്‍.തീര്‍ന്നിട്ടില്ല,ഇത് തുടക്കം മാത്രം.അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സൗഹൃദം വര്ധിപ്പിക്കുന്നതിലൂടെ കുട്ടികളുടെ പഠനം ഏറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന തിരിച്ചറിവ് ഒന്നുകൂടി ബലപ്പെടുത്താന്‍ ഇന്നലത്തെ സന്ദര്‍ശനം ഞങ്ങളെ സഹായിച്ചു.......ക്രിസ്മസ് അവധിക്കാലത്ത്,കുട്ടികളുടെ വായന മെച്ചപ്പെടുത്തുവാനുള്ള ഒട്ടേറെ കാര്യങ്ങള്‍  രക്ഷിതാക്കളോടു   പറഞ്ഞിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്.പുതുവര്‍ഷത്തില്‍ സ്കൂളുകളിലെത്തുന്ന കുഞ്ഞുങ്ങളുടെ കയ്യില്‍ തീര്‍ച്ചയായും അവരുടെ വായനയുടെ തെളിവുകള്‍ കാണാതിരിക്കില്ല.അതിനായി ഞങ്ങള്‍ കാത്തിരിക്കുന്നു,പ്രതീക്ഷയോടെ .......... 
...... GFLPS BEKAL ......
   
Previous Page Next Page Home