ഓഫീസര്‍മാരുടെ റിവ്യൂ മീറ്റിങ്ങ്




 ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിമാസ റിവ്യൂ മീറ്റിങ്ങ് നടന്നു. ഐ ടി @ സ്കൂളില്‍ നടന്ന യോഗത്തില്‍ എ ഡി പി ഐ ജോണ്‍സ് വി ജോണ്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്നുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്രദ്ധേയമാണെന്നും അവ മറ്റു ജില്ലക്കാരെ കൂടി അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഡിഇ സി രാഘവന്‍ അധ്യക്ഷനായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്ന ബ്ലെന്റ് പദ്ധതി എ ഇ ഒ മാരുടെ പരിശീലനത്തില്‍ സംസ്ഥാനതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച് വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന SAVE ന്റെ പ്രവര്‍ത്തകര്‍ വിവരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍, ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി ഏരോത്ത് എന്നിവര്‍ വടകര വിദ്യാഭ്യാസ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡയറ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍, കെ രാമചന്ദ്രന്‍ നായര്‍, ഡി ഇ ഒ മാരായ സൗമിനി കല്ലത്ത്, സദാശിവ നായക്ക്, എ ഇ ഒ മാര്‍, ബിപിഒ മാര്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ നടന്നു വരുന്ന പരിപാടികളെ കുറിച്ച് അവലോകന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സാക്ഷരം പോസ്റ്റ് ടെസ്റ്റ് നവമ്പര്‍ 28 ന് നടത്താന്‍ തീരുമാനിച്ചു. സ്കൂള്‍തല മൂല്യനിര്‍ണയം 28 ന് നടത്താനും റിപ്പോര്‍ട്ടുകള്‍ അന്നുതന്നെ ബി ആര്‍ സി കളിലേക്ക് എത്തിക്കാനും നിര്‍ദേശങ്ങള്‍ നല്‍കും. സ്കൂള്‍തല പ്രഖ്യാപനങ്ങള്‍ ഡിസംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കണം. STEPS ന്റെ ഭാഗമായി ഗണിതം, ഇംഗ്ലീഷ്, ഫിസിക്സ് തുടങ്ങിയ പ്രയാസമുള്ള വിഷയങ്ങള്‍ പ്രത്യേക കോച്ചിങ്ങ് നല്‍കുന്നതിനുള്ള സാമഗ്രികള്‍ സ്കൂളുകളില്‍ എത്തിക്കാനും ധാരണയായി. സ്കൂള്‍ ബ്ലോഗുകള്‍ വിജയത്തിലെത്തിച്ച മുഴുവന്‍ അധ്യാപകരെയും യോഗം അഭിനന്ദിച്ചു. ബ്ലോഗുകളില്‍ അക്കാദമിക ഉള്ളടക്കം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും വിലയിരുത്തി. ഓഫീസര്‍മാരുടെ ബ്ലോഗുകള്‍ കൂടുതല്‍ ഉള്ളടക്കം ചേര്‍ത്ത് സജീവമാക്കണമെന്നും ആഭിപ്രായങ്ങള്‍ ഉണ്ടായി.







No comments:

Post a Comment