വിഷമഴ പെയ്യുന്ന ദുരന്തഭൂമിയില്‍ പിറന്നുവീഴുന്ന
കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ മനസ്സില്‍ ആശ്വാസ പൂമഴയായി സര്‍വശിക്ഷാ അഭിയാന്‍ കലാജാഥ
പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് യന്ത്രപ്പറവകള്‍വട്ടമിട്ട് പറന്നപ്പോള്‍ സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഐ.ഇ.ഡി.സി യുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ കലാജാഥ.
വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു.
വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ പൂത്തു, നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെക്കുന്നു
അനില്‍ നടക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ചു. ജാഥയില്‍ സജിത്ത്, ജോഷി,മധു , പ്രസീത, ദിനേശന്‍, ജസ്‌ന, ഷിനി ഫിലിപ്പ്, ഷൈജു, സുരേഷ്, രാഹുല്‍ ഉദിനൂര്‍, ഹാരിസ് നടക്കാവ്, ഷിബിന്‍ എന്നിവരായിരുന്നു അംഗങ്ങള്
.
ജി.എല്‍.പി.എസ് മുലിന്ജ, ജി.യു.പി.എസ് പെര്‍ഡാല, ജി.യു.പി.എസ് കാസര്‍കോട്, ജി.യു.പി.എസ് അഗനഹോള, ജി.യു.പി.എസ് ചുള്ളിക്കര, എ.യു.പി.എസ് ബിരിക്കുളം, ജി.യു.പി.എസ് ചന്തേര എന്നീ സ്‌കൂളുകളില്‍ പരിപാടി അവതരിപ്പിച്ച് ഡിസംബര്‍ 10ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സമാപിച്ചു . ഐ.ഇ.ഡി.സി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.തമ്പാന്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍, അനൂപ് കല്ലത്ത് ജാഥാ മാനേജര്‍.