ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യം...

കാസര്കോട്: ഇംഗ്ളീഷ് പഠിക്കാന്‍ പൊതുവിദ്യാലയം മതിയെന്ന് തെളിയിച്ച് അടുക്കത്ത്ബയല്‍ ഗവ. ഫിഷറീസ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ നന്നായി തങ്ങള്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനും എഴുതാനും കഴിയുമെന്ന് തെളിയിക്കുന്നതിന് ഇവര്‍ പ്രത്യേക പിടിഎ യോഗംതന്നെ വിളിച്ചു. ഇംഗ്ളീഷിലുളള ക്ഷണക്കത്തു മുതല്‍ യോഗ നടപടികളും കലാപരിപാടികളും കുട്ടികള്‍തന്നെ തയ്യാറാക്കി തങ്ങളുടെ കഴിവ് അവര്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പുകള്‍, പോസ്റ്ററുകള്‍, കഥകള്‍, കവിതകള്‍ എന്നിവയുടെ പ്രദര്‍ശനം കുട്ടികളുടെ അറിവനുഭവത്തിന്റെ നേര്‍ക്കാഴ്ചയായി.

കനത്ത ഫീസ് നല്‍കി ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കാന്‍ കൂടിയാണ് ഫിഷറീസ് സ്കൂളിലെ കുട്ടികള്‍ ഇംഗ്ളീഷില്‍ തങ്ങളുടെ കഴിവ് പരസ്യമായി പ്രദര്‍ശിപ്പിച്ചത്. രഷിതാക്കള്‍ക്ക് മുന്നില്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷ് ക്ളാസെടുത്തും തങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവതാനുഭവങ്ങള്‍ നാടക രൂപത്തിലാക്കി കുട്ടികള്‍ അവതരിപ്പിച്ചതും കുട്ടികളുടെ ഇംഗ്ളീഷ് പഠനനിലവാരം ബോധ്യപ്പെടുത്തുന്നതായിരുന്നു.

ഇംഗ്ളീഷ് പിടിഎ യോഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയദേവന്‍, ഹെഡ്മിസ്ട്രസ് വി കെ ഷെര്‍ളി, പ്രമീള എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ കാവ്യ അധ്യക്ഷയായി. ഉണ്ണിമായ സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
(ജനശക്തിയോടു കടപ്പാട് , ചൂണ്ടു വിരലിനോടും )