സ്വാതന്ത്ര്യദിനത്തില്‍ കയ്യൂര്‍ സ്മാരകത്തിലേക്ക് കുരുന്നുകളുടെ പദയാത്ര..
പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജന്മിത്വത്തിനും,സാമ്രാജ്യത്വത്തിനുമെതിരെ പടനയിച്ച് കഴുമരത്തിലേറിയ പൂര്‍വികരുടെ സ്മാരകത്തിലേക്ക് ,സ്വാതന്ത്ര്യസമരത്തില്‍ സ്വന്തം ഗ്രാമത്തിന്റെ സംഭാവനകള്‍ തിരിച്ചറിയുന്നതിനയി കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ കുട്ടികള്‍ നടത്തിയ പദയാത്ര ആവേശഭരിതമായി. പതാകയുയര്‍ത്തല്‍ ചടങ്ങിനുശേഷം ദേശീയപതാകകളും കയ്യിലേന്തി,ഗാന്ധിത്തൊപ്പിയുമണിഞ്ഞ് പദയാത്രയ്ക്കായി കുട്ടികള്‍ അണിനിരന്നപ്പോള്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പത്മാവതി സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഇടയ്ക്ക് പെയ്ത മഴയ കൂസാതെ മുദ്രാവാക്യങ്ങളുമായി കുരുന്നുകള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍,പുതുതലമുറക്കാരുടെ പ്രകടനം കാണാന്‍ വീടുകളില്‍നിന്നും ആളുകള്‍ പുറത്തിറങ്ങി കാത്തുനിന്നു.കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍ എത്തിയ കുട്ടികള്‍ക്ക് ,ജന്മിമാരുടെ ചൂഷണത്തിനെതിരെ കയ്യൂരിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെയും,സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടങ്ങളുടെയും കഥ വിദ്യാലയവികസനസമിതി രക്ഷാധികാരിയും,മുന്‍ പഞ്ചായത്ത് മെമ്പറുമായ ടി.ദാമോദരന്‍ പറഞ്ഞുകൊടുത്തപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിസ്മയം.ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയ ഭാരതനാടിന്റെ സ്വാതന്ത്ര്യം കാത്തുരക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നപ്രതിജ്ഞയുമായാണ് കുട്ടികള്‍ സ്കൂളിലേക്ക് തിരിച്ചുപോയത്.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,പൂര്‍വവിദ്യാര്‍ഥി സംഘടനാപ്രസിഡണ്ട് ലക്ഷ്മണന്‍,പി.ടി.എ കാമ്മറ്റിയംഗം സുന്ദരന്‍,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളായ പ്രസീന,ശ്രീലത അധ്യാപകരായ ഭാസകരന്‍ കെ.വി,പി.വി.രതി എന്നിവരും കുട്ടികള്‍ക്കൊപ്പം പദയാത്രയില്‍ അണിനിരന്നു.യാത്രകഴിഞ്ഞെത്തിയ കുട്ടികളെ പായസം നല്‍കിയാണ് രക്ഷിതാക്കള്‍ സ്വീകരിച്ചത്.തുടര്‍ന്ന് നടന്ന ബാലസഭയില്‍ ഓരോ ക്ലാസ്സിലെയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം,പ്രസംഗം എന്നിവയും അരങ്ങേറി.