ഒന്നാം ക് ളാസ്സുകാരൻ ഉൽഘാടകനായി...വായനാവാരത്തിനു വേറിട്ട തുടക്കം
പുഞ്ചാവി: വായനാദിനത്തിൽ സ്കൂൾ അസംബ്ളിയിൽവെച്ച് മാഷ് ഉയർത്തിക്കാണിച്ച പുസ്തകത്തിന്റെ പേര് ആദ്യം വിളിച്ചുപറഞ്ഞത് ഒന്നാം ക്ളാസ്സുകാരനായ മുഹമ്മദ് റിസാൻ റൌസിൽ! പുസ്തകത്തിന്റെ പുറംചട്ടയിലെ മനോഹരമായ ചിത്രം നോക്കിയായിരുന്നു അവൻ വിളിച്ചുപറഞ്ഞ്ത്,“മരം..” ഉടൻ തന്ന രണ്ടാംക് ളാസ്സിലെ ലീഡറായ നജാഫാത്തിമ പേര് പൂർണ്ണമായും വായിച്ചു,“എന്താണു മരം?”ഒന്നാം ക്ളാസ്സിലെ കുഞ്ഞുങ്ങൾ ചിത്രവായനയിലൂടെതന്നെയാണ് വായിച്ചു തുടങ്ങേണ്ടതെന്ന് പറഞ്ഞ മാഷ്,കൂടുതൽ കാര്യങ്ങൾ പറയാതെ വായനാവാരത്തിന്റെ ഉൽഘാടനത്തിനായി മുഹമ്മദ് റിസാൻ റൌസിലിനെ വേദിയിലേക്ക് ക്ഷണിച്ചു.അങ്ങനെ, രണ്ടാംക്ളാസ്സുകാരി നജാഫാത്തിമയ്ക്ക് പുസ്തകം നൽകിക്കൊണ്ട് ഒന്നാംക് ളാസ്സുകാരനായ റിസാൻ റൌസിൽ വായനാവാരത്തിന്റെ ഉൽഘാടകനായി! പിന്നീട്, പുസ്തകത്തിലെ മനോഹരമായ ചിത്രങ്ങൾ കാണിച്ചുകൊണ്ട് അതോടൊപ്പമുള്ള കൊച്ചു വാക്യങ്ങൾ മാഷ് കുട്ടികളെക്കൊണ്ട് വായിപ്പിച്ചു..ഒപ്പം പുസ്തകത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ചുരുക്കം കാര്യങ്ങളും പറഞ്ഞ് അസംബ്ളി പിരിയുമ്പോൾ ക്ളാസ്സ് ടീച്ചർമാർ തരാൻ പോകുന്ന പുസ്തകങ്ങളെക്കുറിച്ചായിരുന്നു കുട്ടികളുടെ സംസാരം...പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലായിരുന്നു വായനാവാരത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള വേറിട്ട രീതിയിലുള്ള ഉൽഘാടനപരിപാടി സംഘടിപ്പിച്ചത്.പ്രധാനാധ്യാപകൻ കെ.നാരായണൻ പി.എൻ.പണിക്കറരെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.അസംബ്ളിക്കു ശേഷം ഓരോ ക് ളാസ്സിലെയും അധ്യാപകർ പുതിയ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.വരും ദിവസങ്ങളിലും ഇതു തുടരും.കൂടാതെ ലൈബ്രറിപുസ്തക വിതരണം, പുസ്തകാസ്വാദനം,സാഹിത്യ ക്വിസ്സ്,പതിപ്പ് നിർമ്മാണം ,പത്ര-മാസികാ പരിചയം,ബാലസഭാ ഉൽഘാടനം തുടങ്ങിയ പരിപാടികളും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.ക്ളാസ്തല പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പ്രമീള,പരമേശ്വരി,സുരേഷ്,അമീൻ എന്നിവർ നേത്യ് ത്വം നൽകി.