G.H.S.S. ADOOR

G.H.S.S. ADOOR


അഡൂർ സ്‌ക‌ൂളിന് സിസി ടിവി സ‌ുരക്ഷയൊര‌ുക്കി2001 SSLC മലയാളം ബാച്ചിലെ പ‌ൂർവ്വ വിദ്യാർത്ഥികൾ...

Posted: 16 Jan 2019 08:50 AM PST

അഡൂർ സ്‌കൂൾ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും. 2001 ൽ അഡൂർ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവിൽ സ്‌കൂളിനും നാടിനും ഉപകരിക്കുന്ന ഈ മാതൃകാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പഠിച്ചിറങ്ങിയാൽ പിന്നീട് നമ്മൾ പലരും മാതൃവിദ്യാലയത്തെ മറക്കുകയാണ് പതിവ്. എന്നാൽ അക്ഷരവെളിച്ചം നൽകിയ വിദ്യാലയത്തിന് ഏറ്റവും ആവശ്യമായ സൗകര്യമൊരുക്കി അത്ഭുതപ്പെടുത്തുകയാണ് മനസ്സിൽ നന്മ മാത്രം കൊണ്ട് നടക്കുന്ന ഈ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ. മാസങ്ങൾക്ക് മുമ്പ് ഇവർ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘാടന മികവ് കൊണ്ട് ഏവരെയും അസൂയപ്പെടുത്തുന്നതായിരുന്നു. നൂതനമായ ഏറ്റവും മികച്ച സി സി ടി വി ക്യാമറ വൻ ജനാവലിയുടെ മുമ്പിൽ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ച മുഴുവനാളുകൾക്കും പായസം വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ അനീസ് ജി മൂസാൻ, പ്രിൻസിപ്പാൾ ഇൻ ചാർജ് ശശിധരന്‍, പി ടി എ പ്രസിഡണ്ട് എ.കെ.മുഹമ്മദ് ഹാജി, പി ടി എ വൈസ് പ്രസിഡണ്ടുമാരായ ബി.രാധാകൃഷ്ണ, ടി..അബ്ദുല്ല ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.പി.മൊയ്തീൻ ക‌ുഞ്ഞി, ശാരദ ടീച്ചർ, അധ്യാപകരായ എ.രാജാറാമ, മാധവ തെക്കേക്കര, .എം.അബ്‌ദ‌ുല്‍ സലാം, പൂർവ വിദ്യാർത്ഥികളായ ശുഹൈബ്, ശിഹാബ്‌, സതീഷൻ, കിരൺ, സത്യൻ, റാഷിദ്, ശ്രീശയൻ, ഹാരിസ് ,സവിത, ശശികല, ചിത്ര, സൗമ്യ തുടങ്ങിയവർ സംബന്ധിച്ചു.
പ്രിയപ്പെട്ട 2001 ലെ SSLC മലയാളം മീഡിയം ബാച്ചിലെ കൂട്ടുകാരെ,
നിങ്ങൾ പിന്നെയും പിന്നെയും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ. പഠിച്ച വിദ്യാലയത്തിനോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങളെ അസൂയപ്പെടുത്തുന്നു. നിങ്ങളുടെ ബാച്ചിൽ പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന്‌ വെറുതെ ആഗ്രഹിച്ച് പോവുന്നു. എന്നും ഈ അക്ഷരമുറ്റം നിങ്ങളെ ഓർമ്മിക്കും.നിങ്ങളുടെ നല്ല പ്രവർത്തനങ്ങളെയും .
നന്ദി... ഈ നന്മ വിളയുന്ന വിദ്യാലയത്തെ മറക്കാതിരുന്നതിന്ന്. പുതിയ തലമുറക്ക് നല്ല മാതൃകകൾ കാണിച്ചു തന്നതിന്. അതിലുപരി ഈ സ്കൂളിന്റെ യാത്രക്ക് കൂട്ടിരുന്നതിന്...
ഇനിയും കാത്തിരുന്നോട്ടെ... നിങ്ങളുടെ അടുത്ത അത്ഭുതപ്പെടുത്തലുകൾക്കായ്....

No comments:

Post a Comment