G.H.S.S. ADOOR |
ഓർമ്മ മുറ്റത്ത് ഒരു വട്ടം കൂടി.... Posted: 04 Aug 2018 09:21 AM PDT അഡൂര്‍: പുറത്ത് കര്‍ക്കിടകമഴ തിമിര്‍ത്തുപെയ്യുന്നുണ്ടായിരുന്നു. ഒരു മഴക്കുംമായ്‌ക്കാനാവാത്ത മധുരസ്‌മരണകളുമായി അഡൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2000-2001 മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം ദേലംപാടി പഞ്ചായത്ത് ഹാളില്‍ നടന്നു. സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ്, വിപുലമായ പരിപാടികളോടെ സംഗമം സംഘടിപ്പിച്ചത്. മങ്ങി മാറാല പിടിച്ച ചിത്രങ്ങളായി മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരിപ്പുള്ള ആ പഴയ ഓര്‍മ്മകള്‍ അവര്‍ പൊടി തട്ടിയെടുത്തു. വള്ളി നിക്കറിട്ട്,ചെളിവെള്ളം തെറിപ്പിച്ച്, കുട കറക്കി നടന്ന ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അവര്‍ പങ്കുവെച്ചു. ഓര്‍മ്മപ്പുസ്‌തകത്തിന്റെ ഏതോ ഒരു താളില്‍ അടച്ചുവെച്ചിരുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീര്‍പൂവ് ജീവിതത്തിരക്കിനിടയില്‍ എപ്പോഴോ അതിന്റെ താളുകള്‍ മറിക്കുമ്പോള്‍ പുറത്തേക്കു തെന്നി വീണ അനുഭവം. അവർ ഇവിടെ പലതിനെയും തിരയുന്നുണ്ടായിരുന്നു. കൂടെപ്പിറപ്പുകളെപോലെ സ്നേഹിച്ച കൂട്ടുകാരേയും, മാതാപിതാക്കളെ പോലെ സ്നേഹിച്ച അധ്യാപകരേയും എന്നോ പറയാതെ പിരിഞ്ഞുപോയ പ്രണയത്തെയുമെല്ലാം... തങ്ങളുടെ പഴയ ക്ളാസ്സ് മുറികളിൽ എത്തിയ അവർ അപരിചിതരെ പോലെ ഇരിപ്പിടങ്ങളിൽ ഇരുന്നു. ചിലർ അവരുടെ സഹജപ്രകൃതം പുറത്തുകാട്ടി ക്ളാസ്സുകളിൽ കയറാതെയുമിരുന്നു. ഓർമ്മകൾ അയവിറക്കിയും പലരേയും തിരഞ്ഞും അവർ ആ വരാന്തകൾ സജീവമാക്കി. ക്ളാസ്സുകളുമായി പഴയ ശാരദ ടീച്ചറും സലാം മാഷും അവരുടെ മുന്നിലെത്തി. എല്ലാം കേട്ട് പഴയ പത്താം ക്ലാസുകാരായി അവർ കുറച്ചു നേരം മൗനമായി ഇരുന്നു. പഴയകാല അധ്യാപകൻ ബാലകൃഷ്ണൻ മാഷിന്റെ പാട്ടുകൾ സംഗമത്തെ ആഘോഷത്തിൻെറ തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ നന്മകൾ അവരുടെ കണ്ണുകളിൽ മിന്നിമറയുന്നുണ്ടായിരുന്നു. പൊടിതട്ടിയെടുത്ത ഒരിക്കലും മടുപ്പിക്കാത്ത ഓര്‍മ്മകളുമായി, മനസ്സില്‍ എവിടെയൊക്കെയോ നഷ്‌ടവസന്തത്തിന്റെ നൊമ്പരങ്ങളും കോറിയിട്ട്, വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ വിദ്യാലയത്തിന്റെ പടികളിറങ്ങി. സംഗമത്തിൽ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ ഗ്രാമപഞ്ചായത്തംഗം ശുഹൈബ് പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്‌തു. പഴയ കാല അധ്യാപകരെചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ഹെഡ്‌മാസ്റ്റർ അനീസ് ജി.മൂസാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല, സ്ഥിരംസമിതി ചെയര്‍മാന്‍ രത്തൻ കുമാർ, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, മാധവൻ, എടപ്പറമ്പ എല്‍.പി. സ്‌കൂള്‍ ഹെഡ്‌മാസ്‌റ്ററും പി.ഇ.സി. കണ്‍വീനറുമായ കൃഷ്ണ ഭട്ട്, മുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍, അധ്യാപകരായ എ.എം.അബ്‌ദുല്‍സലാം, പി. ശാരദ, കെ. ഗീതാസാവിത്രി, കെ. നാരായണ ബെള്ളുള്ളായ, ജെ. ഹരീഷ്, എ. ധനഞ്ജയൻ, രക്ഷിതാക്കളുടെ പ്രതിനിധി ഡി. കുഞ്ഞമ്പുതുടങ്ങിയവർ സംസാരിച്ചു. എം.പി.അബ്‌ദുല്‍ ഖാദര്‍ സ്വാഗതവും ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment