St Marys A U P School Malakkallu

St Marys A U P School Malakkallu


വായനയെക്കുറിച്ച്.......................

Posted: 15 Jun 2015 07:18 PM PDT

                                       



വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്‍ച്ചയാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക.
പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു. ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.


വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ വായിച്ചാലും വളയും. ഇതെങ്ങനെയെന്നാണോ? നിലവാരമില്ലാത്ത നേരംകൊല്ലികളായ ഉള്ളിത്തൊലി ചവറുകള്‍, പൈങ്കിളികള്‍, വെറും വായനയ്ക്ക് ഉപയോഗിക്കുന്ന ചന്തസാഹിത്യം, മഞ്ഞപ്പത്രങ്ങള്‍ എല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് വായനയില്‍ ഒരു തിരഞ്ഞെടുപ്പ് വേണമെന്നു പറയുന്നത്. ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെയുള്ള മേഖലകളിലെ പുസ്തകങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു വായിക്കണം.
സയന്‍സ് ഫിക്ഷനുകള്‍ ഇക്കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഒപ്പം കുറ്റാന്വേഷണ കൃതികള്‍, അന്വേഷണക്കുറിപ്പുകള്‍ തുടങ്ങിയവ വായിക്കുന്നതിലൂടെ നമ്മുടെ ചിന്തയും അന്വേഷണത്വരയും വളരുകയാണ് ചെയ്യുന്നത്.
മഹാന്മാരായ ചരിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍ എന്നിവരുടെ ആത്മകഥകളും ജീവചരിത്രങ്ങളും എത്ര വായിച്ചാലും അധികമാവുന്നില്ല. ആത്മകഥാപരമായ നോവലുകള്‍, കഥകള്‍, നാടകങ്ങള്‍ മുതലായവ ഉല്‍സാഹത്തോടെ നമുക്കു വായിക്കാനാവുമല്ലോ. പുതിയ അറിവുകള്‍ നമ്മളറിയാതെ നമ്മെത്തേടി എത്തുകയാണ് അപ്പോഴെല്ലാം.
വായനയ്ക്ക് തിരഞ്ഞെടുപ്പു വേണമെന്നു സൂചിപ്പിച്ചുവല്ലോ. ഇതെങ്ങനെയെന്നാണോ ആലോചിക്കുന്നത്? ഇതിനാണ് അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന ചങ്ങാതിമാരും. ക്ഷമയും താല്‍പ്പര്യവും വേണ്ടതു കൂടിയാണ് വായന. വായനയുടെ സുഖം മറ്റൊരു മാധ്യമത്തിനും തരാനാകില്ല. ടെലിവിഷനില്‍ വാര്‍ത്തകള്‍ കണ്ടാലും പിറ്റേന്നത്തെ പത്രം കണ്ടാലേ നമുക്കൊരു തൃപ്തി വരുന്നുള്ളൂ. ഒരു കഥ വായിക്കുന്നതുപോലുള്ള അനുഭൂതി സിനിമ കാണുമ്പോള്‍ കിട്ടുമോ? വായനയും പുസ്തകങ്ങളുമാണ് എന്നും കേമന്മാര്‍ എന്ന പരമാര്‍ഥമാണിവിടെ തെളിഞ്ഞുവരുന്നത്.
വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനുവേണ്ടി പി എന്‍ പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. വായനയുടെ ഗൗരവവും ആവശ്യകതയും വിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഓരോ വര്‍ഷവും സ്‌കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനവാരം കൊണ്ടാടാന്‍ നിഷ്‌കര്‍ഷിക്കപ്പെടുന്നത്.
തിരക്കുകളും പഠനപ്രവര്‍ത്തനങ്ങളുമുണ്ടെങ്കിലും ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും വായനയ്ക്കു വേണ്ടി നീക്കിവയ്ക്കണമെന്ന ഓര്‍മപ്പെടുത്തല്‍ വായനദിനത്തിനുണ്ട്. വായന മാത്രം പോര; വായിച്ചറിഞ്ഞതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കുറിച്ചുവയ്ക്കുകയും ഇടയ്ക്കിടെ അവ എടുത്ത് ഓര്‍മ പുതുക്കുകയും വേണം.
ഏതാണ് ബാലസാഹിത്യത്തിലെ ആദ്യകാല കൃതികള്‍? ഈയൊരു സംശയത്തിനു കൃത്യമല്ലെങ്കിലും ഇങ്ങനെയൊരുത്തരം നല്‍കാം. പണ്ടുമുതല്‍ക്കുതന്നെ മുതിര്‍ന്നവരില്‍നിന്നു ബാലികാബാലന്‍മാര്‍ കേട്ടും അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും പോരുന്ന കഥകളായിരിക്കാം ലോകത്തെ ബാലസാഹിത്യത്തിന്റെ പ്രഥമ മാതൃകകള്‍ . ലോകത്തെ സകല ഭാഷകളിലുമുള്ള മുത്തശ്ശിക്കഥകള്‍ ഇവയുടെ ഉത്തമോദാഹരണങ്ങളാണ്.
ബാലസാഹിത്യത്തിനു മേഖലകള്‍ പലതാണ്: കുട്ടിക്കഥകള്‍, ഗുണപാഠകഥകള്‍, യക്ഷിക്കഥകള്‍, ഇതിഹാസകഥകള്‍, നാടോടിക്കഥകള്‍, അമാനുഷകഥകള്‍, ശാസ്ത്രകഥകള്‍, ചിത്രകഥകള്‍ തുടങ്ങി നീണ്ടുപോകുന്നതാണിത്.
ഒരുപക്ഷേ ഇന്നും (അന്നും) കുട്ടികള്‍ ആദ്യമായി കേട്ടുതുടങ്ങുന്നത് കഥാലോകത്തെ അക്ഷയഖനിയായ 1001 രാവുകളില്‍ നിന്നുള്ള മണിമുത്തുകളായിരുന്നു. സിന്ദ്ബാദിന്റെ കടല്‍യാത്രകള്‍, ആലിബാബയും 40 കള്ളന്‍മാരും, അലാവുദ്ദീനും അദ്ഭുതവിളക്കും തുടങ്ങിയവ കുട്ടികള്‍ മായാലോകത്തെ വിസ്മയകരമായ കാഴ്ചകള്‍ അനുഭവിച്ചറിയും വിധം കേള്‍പ്പിക്കാന്‍ കഴിവുള്ള മുത്തശ്ശിമാര്‍ മുമ്പുണ്ടായിരുന്നു.

ലോക കഥാസാഹിത്യത്തിലെ അറിയപ്പെടുന്ന കഥാപ്രപഞ്ചമായ അറബിക്കഥകള്‍ക്കു പുറമെ ഇന്ത്യയിലെ പഞ്ചതന്ത്രം കഥകളും യൂറോപ്പിലെ ഈസോപ്പുകഥകളും എന്നും കുട്ടികളെ രസിപ്പിക്കുകയും ആഴത്തില്‍ ചിന്തിപ്പിക്കുകയും ചെയ്തവയാണ്. ആമയും മുയലും മല്‍സരിച്ചോടിയതും മുന്തിരി പുളിക്കുമെന്നു പറഞ്ഞ കൊതിയച്ചാരായ കുറുക്കനെയും, പുലി വരുന്നേ എന്നു വിളിച്ചുപറഞ്ഞ് ആപത്തില്‍ ചാടിയ ഇടയനെയും ആട്ടിന്‍തോലിട്ട ചെന്നായയെയും അറിയാത്ത കുട്ടികളില്ലല്ലോ. ഇവയെല്ലാം പറഞ്ഞത് ഈസോപ്പ് എന്ന ഗ്രീക്ക് അടിമയായിരുന്നു.
ഗുണപാഠകഥകളുടെ അക്ഷയഖനികള്‍ നമുക്കും അവകാശപ്പെടാവുന്നതാണ്. എ.ഡി അഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന അമരശക്തന്‍ എന്ന രാജാവ് തന്റെ ധൂര്‍ത്തന്‍മാരായ മക്കളെ നേരെയാക്കാന്‍ പണ്ഡിതനായ വിഷ്ണുശര്‍മയെ ചുമതലപ്പെടുത്തുകയും അദ്ദേഹം മക്കളെ നിരവധി കഥകളിലൂടെ രാജ്യതന്ത്രവും നീതിശാസ്ത്രവും സല്‍സ്വഭാവവുമൊക്കെ പഠിപ്പിക്കുന്നു. അങ്ങനെ രാജകുമാരന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യബോധം മനസ്സിലാക്കുകയും മിടുക്കന്‍മാരാവുകയും ചെയ്തു. ഇതിനുവേണ്ടി രചിച്ച ആ കഥകളാണ് പിന്നീട് പഞ്ചതന്ത്രം കഥകളായി അറിയപ്പെട്ടത്.
ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ് ജാതകകഥകള്‍. ഗൗതമബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ എന്ന അര്‍ഥത്തിലാണ് ഇത് ജാതകകഥകള്‍ എന്ന പേരിലറിയപ്പെടുന്നത്. ബുദ്ധമത ഗ്രന്ഥസമുച്ചയമായ ത്രിപിടകത്തില്‍ ഉള്‍പ്പെടുന്ന ഖുദ്ദകനികായം എന്ന സമാഹാരത്തിലാണ് ഇവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മരിച്ചുപോയ തന്റെ കുഞ്ഞിനെ ജീവിപ്പിക്കണമെന്ന ഒരമ്മയുടെ അപേക്ഷ പ്രകാരം, ആരും മരിക്കാത്തൊരു വീട്ടില്‍നിന്ന് ഒരല്‍പ്പം കടുകു കൊണ്ടുവന്നാല്‍ കുഞ്ഞിനെ ജീവിപ്പിക്കാമെന്നു ബുദ്ധന്‍ പറയുന്നു. അങ്ങനെയൊരു വീടു കണ്ടെത്താന്‍ ആ അമ്മയ്ക്കു കഴിയാതെപോകുന്നു. ഇതുപോലുള്ള ദാര്‍ശനിക കഥകള്‍ ജാതകകഥകളില്‍ കാണാം.
ഇതിഹാസങ്ങള്‍ എന്നു കേള്‍ക്കാത്തവര്‍ ഒരു രാജ്യത്തുമുണ്ടാവില്ല. ലോകസംസ്‌കാരങ്ങളിലെല്ലാം സുലഭമാണ് ഇതിഹാസങ്ങള്‍. സംഭവബഹുലമായ കഥയും അദ്ഭുത മനുഷ്യരും അമാനുഷരായ കഥാപാത്രങ്ങളും ഇവയില്‍ ധാരാളം കാണാം. ദൈവങ്ങളും മനുഷ്യരും മൃഗങ്ങളും പ്രാണികളും പക്ഷികളും പരസ്പരം സംസാരിക്കുകയും കഥാപാത്രങ്ങളാവുകയും ചെയ്യുന്നതും കാണാം. രാജാക്കന്മാര്‍, യുദ്ധങ്ങള്‍, ആത്മീയത, ഉപദേശങ്ങള്‍, തത്ത്വചിന്ത, ദര്‍ശനങ്ങള്‍ എല്ലാം ഇതിഹാസങ്ങളിലുണ്ടാകും.
അതിശയോക്തി സംഭവവിവരണങ്ങളും അമാനുഷര്‍ നശിക്കുന്നതും നിസ്സാരന്മാര്‍ വിജയിക്കുന്നതും ഇതിഹാസകഥകളുടെ പ്രത്യേകതയാണ്. ഇതിഹാസങ്ങളില്‍ ഏറെ പ്രസിദ്ധങ്ങളാണ് ഇന്ത്യയിലെ മഹാഭാരതവും രാമായണവും. പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധമാണ് മഹാഭാരതം പറയുന്നത്. വിഷ്ണുവിന്റെ ശ്രീരാമാവതാരകഥയാണ് രാമായണം പറയുന്നത്. ഭാഗവതം, പുരാണങ്ങള്‍, ഉപനിഷത്തുക്കള്‍ തുടങ്ങി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ വളരെ വിപുലമാണ്.
ഇതിഹാസങ്ങളുടെ കളിത്തൊട്ടിലെന്നാണ് ഗ്രീക്ക് സാഹിത്യത്തെ വിശേഷിപ്പിക്കുന്നത്. മഹായുദ്ധങ്ങളുടെ കഥ പറയുന്ന ഹോമറുടെ ഇലിയഡും ഒഡീസിയും ഒഴിച്ചുനിര്‍ത്തി ഗ്രീക്ക് ഇതിഹാസചരിത്രം തന്നെയില്ല. ഗ്രീക്ക് രാജാക്കന്മാരും ട്രോയ് നഗരവും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. ഭീമാകാരമായ ഒരു മരക്കുതിരയുടെ അകത്ത് ഒളിച്ചിരുന്ന് ഗ്രീക്കുകാര്‍ രാത്രിയില്‍ ട്രോയ് നഗരത്തെ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ട്രോയ് രാജകുമാരനായ പാരിസ് തട്ടിക്കൊണ്ടുപോയിരുന്ന ഹെലനെ മോചിപ്പിക്കുന്നതാണ് ഇലിയഡിന്റെ കഥാസാരം.
ഒഡീസിയസ് എന്ന യോദ്ധാവിന്റെയും പടയാളികളുടെയും ഗ്രീസിലേക്കുള്ള മടക്കയാത്രയില്‍ അനേകം അമാനുഷിക ജീവികളെയും ഭീകരജന്തുക്കളെയും എതിര്‍ത്തു തോല്‍പ്പിക്കുന്നു. മരിച്ചുവെന്നു കരുതിയ ഒഡീസിയസിന്റെ സൈന്യത്തെയും രാജ്യത്തെയും റാണിയെയും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരെയും ഗ്രീക്ക് പടയാളികള്‍ എതിര്‍ത്തു തോല്‍പ്പിക്കുന്നതാണ് ഒഡീസിയുടെ കഥ.

No comments:

Post a Comment