മുഹമ്മദ് സഫ് വാന് ഇരുന്നു പഠിക്കാൻ ജനമൈത്രി പോലീസിന്റെവക മേശയും കസേരയും..


പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ രണ്ടാംക്ലാസ്സുകാരൻ മുഹമ്മദ് സഫ് വാന് ഇനിമുതൽ വീട്ടിൽനിന്ന് സ്വന്തം കസേരയിൽ ഇരുന്ന് സുഖമായി പഠിക്കാം.കസേരമാത്രമല്ല,വെച്ചെഴുതാനും പുസ്തകങ്ങൾ അടച്ചുസൂക്ഷിക്കാനും പറ്റിയ കൊച്ചുമേശയും ഒപ്പം ഒരു ടേബിൾലാമ്പും കൂടി സ്വന്തമായി ലഭിച്ച സന്തോഷത്തിലാണ് സഫ് വാൻ.പാവപ്പെട്ട കുട്ടികൾക്ക്  പഠനോപകരണങ്ങൾ വിതരണംചെയ്യാൻ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് സഫ് വാന്റെ കൊച്ചു വീട്ടിൽ ഈ സൌകര്യങ്ങൾ ഒരുങ്ങുന്നത്.പോലീസെന്നു കേട്ടാൽ‌പ്പോലും പേടിച്ചുകരയുന്ന കുട്ടികളുടെ മുന്നിലേക്ക് ചിരിക്കുന്ന മുഖത്തോടെ സമ്മാനങ്ങളുമായി എത്തിയ ജനമൈത്രി പോലീസിന്റെ പുതിയ മുഖം പുഞ്ചാവിയിലെ കുരുന്നുകളുടെ മനസ്സിൽ നിന്നും ഇനി മായില്ല.കുട്ടികൾക്കൊപ്പം അധ്യാപകരും,രക്ഷിതാക്കളും,വിദ്യാലയവികസനസമിതിയംഗങ്ങളും ഉൾപ്പെടെ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ഹോസ്ദുർഗ് സബ് ഇൻസ്പെക്റ്റർ കെ.ബിജുലാൽ പഠനമേശയുടെ താക്കോലും, ജനമൈത്രി പോലീസ് സി.ആർ.ഒ  വിശ്വേന്ദ്രൻ ടേബിൾലാമ്പുംസഫ് വാന് കൈമാറി.മുനിസിപ്പൽ കൌൺസിലർ നജ്മ റാഫി , ബീറ്റ് ഓഫീസർ ശ്രീജ.ടി.വി,മദർ പി.ടി.എ പ്രസിഡണ്ട് നസീമ എം.പി,സീനിയർ അസിസ്റ്റന്റ് പരമേശ്വരി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.നാരായണൻ സ്വാഗതവും കെ.എൻ സുരേഷ് നന്ദിയും പറഞ്ഞു.


No comments:

Post a Comment