G.H.S.S. ADOOR |
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കി അഡൂര്‍ സ്കൂള്‍ Posted: 14 Aug 2020 12:49 AM PDT സ്മാര്‍ട്ട്ഫോണുകള്‍ എന്തെന്നറിയാത്ത, ഉള്ള മൊബൈല്‍ഫോണുകളില്‍ റേഞ്ച് സൗകര്യമില്ലാത്ത, ടിവി കേബിള്‍ കണക്ഷനുകള്‍ എത്തിനോക്കാത്ത ഒരുപാടു പരിമിതികളുടെ നടുവില്‍ കഴിയുന്ന ഒരു മലയോരവിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കുക എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമല തന്നെയായിരുന്നു. സംസ്ഥാനത്ത് മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ഞങ്ങളുടെ സാധാരണക്കാരായ കൂലിപ്പണിയെടുത്തു ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കും ലഭ്യമാക്കണം എന്നുള്ള ഉറച്ച തീരുമാനം പിടിഎക്കുണ്ടായിരുന്നു. ജനപ്രതിനിധികളെയും പിടിഎ/വികസനസമിതി/ഒഎസ്എ അംഗങ്ങളെയും മറ്റു സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാര്‍ഡ്/പ്രാദേശിക തല കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഓരോ പ്രദേശത്തും അനുയോജ്യമായ അംഗനവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയില്‍ ടിവി സൗകര്യവും ഡിടിഎച്ച് സൗകര്യവും ഒരുക്കി. രണ്ടിടങ്ങളില്‍ കന്നഡ മീഡിയം കുട്ടികള്‍ക്കായി പുതിയ കേബിള്‍ കണക്ഷനുകളെടുത്തു. കേബിള്‍ സൗകര്യം ഒരുക്കാന്‍ സാധ്യമല്ലാത്ത വിദൂരപ്രദേശങ്ങളിലെ കന്നഡ മീഡിയം കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലാപ്ടോപ്പില്‍ ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി കാണിക്കുന്ന രീതി നടപ്പിലാക്കി. മൊത്തം എട്ട് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ സെന്ററിലും രണ്ട് അധ്യാപകര്‍ വീതം അവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം സെന്ററുകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് വിവിധ സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ മൊബൈല്‍ ഫോണ്‍, ടാബ്, ടിവി, ഡിടിഎച്ച് തുടങ്ങിയ സംവിധാനങ്ങള്‍ അവരുടെ വീടുകളില്‍ തന്നെ എത്തിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട കാസറഗോഡ് ഡിഡിഇ യുടെ ഇടപെടലിലൂടെ ഒരു രക്ഷിതാവിന് ടിവി നല്‍കുകയും അദ്ദേഹത്തിന്റെ നാല് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരുടെ ലിസ്റ്റുണ്ടാക്കിയപ്പോള്‍ നൂറിലധികം കുട്ടികളുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക കൂട്ടായ്മകളുണ്ടാക്കി പിടിഎ നടത്തിയ സമയോചിതമായ ഇടപെടലുകളിലൂടെ പ്രസ്തുത ലിസ്റ്റിലെ കുട്ടികളുടെ എണ്ണം പൂജ്യമാക്കാന്‍ വളരെ പെട്ടെന്ന് സാധിച്ചത് അഭിമാനകരമായ നേട്ടമായി. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment