Pages

G.H.S.S. ADOOR

G.H.S.S. ADOOR


മന‌ുഷ്യന്റെ അനിയന്ത്രിത കടന്ന‌ുകയറ്റം റാണിപ‌ുരത്തിന്റെ ആവാസവ്യവസ്ഥയെ താളംതെറ്റിക്ക‌ുന്ന‌ുവെന്ന കണ്ടെത്തല‌ുമായി അഡ‌ൂര്‍ സ്‌ക‌ൂളിലെ ക‌ുട്ടിപ്പൊലീസ‌ുകാര്‍

Posted: 27 Feb 2017 08:00 AM PST

കേഡറ്റുകള്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. സിനി ഡെന്നിസിന‌ും മറ്റ് ഓഫീസര്‍മാര്‍ക്ക‌ുമൊപ്പം
കാസറഗോഡ് സാമൂഹ്യവനവല്‍ക്കരണവിഭാഗം ഓഫീസര്‍ എസ്.എന്‍. രാജേഷ് ക്ലാസെട‌ുക്ക‌ുന്ന‌ു
കാസറഗോഡ് സാമൂഹ്യവനവല്‍ക്കരണവിഭാഗം ഓഫീസര്‍ എന്‍. വി. സത്യന്‍ ക്ലാസെട‌ുക്ക‌ുന്ന‌ു
പരിസ്ഥിതിപ്രവര്‍ത്തകന്‍ പി.വി.നിഷാന്ത് വനത്തിന‌ുള്ളില്‍ വെച്ച‌ുക്ലാസെട‌ുക്ക‌ുന്ന‌ു
കത്തിക്കരിഞ്ഞ പ‌ുല്‍മേട്ടില‌ൂടെ സ്‌റ്റ‌ൂഡന്റ് പൊലീസ് കേഡറ്റ‌ുകള‌ുടെ ട്രക്കിങ്
പ്രവേശനകവാടത്തില്‍ റിസോര്‍ട്ട് പണിയ‌ുന്നതിനായി ക‌ുന്നിടിക്ക‌ുന്ന‌ു
അഡൂര്‍ റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിയുന്നതിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റ‌ൂഡന്റ് പൊലീസ് കേഡറ്റ‌ുകള്‍ക്കായി വനംവക‌ുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണവിഭാഗം റാണിപുരത്ത് ഏകദിന പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധവിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മ‌ൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിങ്, ചിത്രശലഭങ്ങളെയും പക്ഷികളെയും അപൂര്‍വ്വ സസ്യങ്ങളെയും പരിചയപ്പെടുത്തല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്ന‌ു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര ക‌ുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി.
എന്നാല്‍ ചോലവനങ്ങളും പ‌ുല്‍മേടുകളുമടങ്ങിയ 'മാടത്തുമല'യുടെ ആവാസവ്യവസ്ഥയിലേക്കുള്ള മന‌ുഷ്യന്റെ അനിയന്ത്രിത കടന്ന‌ുകയറ്റത്തിന്റെ നേര്‍കാഴ്‌ചകള്‍ കേഡറ്റ‌ുകളെ അസ്വസ്ഥരാക്കി. മലയിലെ പുല്ലുകളൊക്കെ കത്തിക്കരിഞ്ഞിരിക്കുന്നു. ഏതോ സഞ്ചാരി വലിച്ചെറിഞ്ഞ സിഗരറ്റാവാം വില്ലന്‍. മലകയറ്റം ആരംഭിക്കുന്നിടത്തുതന്നെ ക‍ുട്ടികളെ സ്വാഗതം ചെയ്‌തത് സ്വകാര്യറിസോര്‍ട്ട് നിര്‍മ്മാണത്തിനായി ക‌ുന്നിടിക്ക‌ുന്ന മണ്ണുമാന്തിയന്ത്രങ്ങളാണ്. കാനനപാതയുടെ ഇരുവശത്തുമുള്ള മരങ്ങളിലൊക്കെ സഞ്ചാരികളുടെ കരവിരുതുകള്‍ വ്രണങ്ങളുണ്ടാക്കിയിരിക്കുന്നു. അപകടം പതിയിരിക്കുന്ന പാറക്കൂട്ടങ്ങളില്‍ യുവാക്കളുടെ അതിരുകടക്കുന്ന അഭ്യാസങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെടുന്നതുും ക‌ുട്ടികള്‍ കണ്ടു. പ്രകൃതിയെ മുച്ച‌ൂട‌ും മുടിക്കുന്ന മനുഷ്യന്റെ ചെയ്‌തികളോടുള്ള പ്രധിഷേധമെന്നോണം കൂടുതല്‍ ജൈവവൈവിധ്യത്തേയൊന്നും കാണാനും സാധിച്ചില്ല. ഒരു 'ഹര്‍ത്താല്‍' പ്രതീതിയാണ് കാട്ടിനുള്ളില്‍. 'ഭ‌ൂമിയ‌ുടെ അര്‍ബ‌ുദമാണ് മനുഷ്യന്‍' എന്ന ഒരു ചിന്തകന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന നേര്‍ക്കാഴ്‌ചകളാണ് കേഡറ്റുകള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത്.
എസ്.പി.സി. പ്രോജക്‌റ്റിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. സിനി ഡെന്നിസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ ഫോറസ്‌ട്രി ഓഫീസര്‍മാരായ എന്‍. വി. സത്യന്‍, എസ്.എന്‍. രാജേഷ്, ടി.കെ. ലോഹിതാക്ഷന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ പി.വി. നിഷാന്ത്, വി.വി. രവി, പക്ഷി നിരീക്ഷകനായ ശശിധരന്‍ മനേക്കര എന്നിവര്‍ ക്ലാസെടുത്തു. എസ്.പി.സി. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ രവി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, പ്രശാന്ത് കാടകം, അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, പി. ഇബ്രാഹിം ഖലീല്‍, ശബാന, സമീറ, ശ്രീരേഖ, ശാക്കിറ, ഖമറ‌ുന്നിസ, അഷിത, സാജിദ, ഓസ്‌റ്റിന്‍ സാംജിരാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേഡറ്റ‌ുകളായ മഞ്ജ‌ുഷ, അന‌ുശ്രീ, ഋഷികേഷ്, ആര്യശ്രീ എന്നിവര്‍ അന‌ുഭവങ്ങള്‍ പങ്ക‌ുവച്ച‌ു. എസ്.പി.സി. സി.പി.. .ഗംഗാധരന്‍ സ്വാഗതവ‌ും എ.സി.പി.. പി.ശാരദ നന്ദിയ‌ും പറഞ്ഞ‌ു.

No comments:

Post a Comment