Pages

കക്കാട്ട്

കക്കാട്ട്


ഇന്ത്യയുടെ മിസൈല്‍മാന് ആദരാഞ്ജലികള്‍

Posted: 27 Jul 2015 10:49 AM PDT

എ.പി.ജെ അബ്ദുല്‍ കലാം      ജനനം: ഒക്ടോബര്‍ 15, 1931 ധനുഷ്ക്കോടി, രാമേശ്വരം
                                   മരണം: ജുലൈ 27, 2015 ഷില്ലോങ്ങ്, മേഘാലയ

             രാമനാഥപുരത്തെ സ്വാർട്ട്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954 ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു.ആകാശങ്ങളിൽ പറക്കുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.

             1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം . ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി III എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു.
കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.  ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.

          ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു . ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷന്‍ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റര്‍ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷന്‍ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.

           കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.
                                                                             പ്രധാന കൃതികള്‍
  • ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം എ.പി.ജെ.അബ്ദുൾ കലാം, വൈ.എസ്.രാജൻ 
  • ഇന്ത്യ-മൈ-ഡ്രീം എ.പി.ജെ.അബ്ദുൾ കലാം 
  • എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ എ.പി.ജെ.അബ്ദുൾ കലാം 
  • ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുൾ കലാം, അരുൺ.കെ.തിവാരി, 
  • ചിൽഡ്രൺ ആസ്ക് കലാം എ.പി.ജെ.അബ്ദുൾ കലാം 
  • വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുൾ കലാം എ.പി.ജെ.അബ്ദുൾ കലാം, അരുൺ തിവാരി
  • ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ എ.പി.ജെ.അബ്ദുൾ കലാം 


No comments:

Post a Comment