Pages


കയ്യൂര്‍ സ്കൂളില്‍ വായനാവാരത്തിന്റെ ഉല്‍ഘാടകരായി അക്ഷതും അമ്മയും..

കയ്യൂര്‍:ഒന്നാംക്ലാസ്സുകാരനായ അക്ഷതിന്റെ പിറന്നാള്‍ വായനാദിനമായ ജൂണ്‍19 നു ആയതിനാല്‍ , ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു സെറ്റ് പുസ്തകം തന്നെയാവട്ടെ  സമ്മാനമെന്ന് തീരുമാനിക്കാന്‍   അമ്മ പ്രസീനയ്ക്ക് രണ്ടാമതൊരുവട്ടം ആലോചിക്കേണ്ടി വന്നില്ല.ശാസ്ത്രസാഹിത്യപരിഷത്ത് കൊച്ചുകുട്ടികള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങള്‍ അടങ്ങിയ ‘അക്ഷരപ്പൂമഴ‘യുമായി അമ്മയും മകനും രാവിലെ തന്നെ സ്കൂളില്‍ എത്തി...പ്രധാനാധ്യാപകനോട് കാര്യം പറഞ്ഞപ്പോള്‍  അസംബ്ലിയില്‍ വെച്ച് പിറന്നാള്‍കാരനും അമ്മയും ചേര്‍ന്ന് ക്ലാസ്ടീച്ചര്‍ക്ക് പുസ്തകം കൈമാറിക്കൊണ്ടുതന്നെയാവട്ടെ വായനാവാരത്തിന്റെ ഉല്‍ഘാടനം എന്ന് തീരുമാനവുമായി.അങ്ങനെ ഒന്നാം ക്ലാസ്സുകാരനായ അക്ഷതും,അമ്മ പ്രസീനയും കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ വായനാവാരത്തിന്റെ ഉല്‍ഘാടകരായി.പുസ്തകസഞ്ചി ഏറ്റുവാങ്ങിയ ഉഷാകുമാരി ടീച്ചര്‍ പുസ്തകങ്ങള്‍ ഓരോന്നായി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി..മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്ക് അടുത്ത ആഴ്ച വിവിധ ദിവസങ്ങളിലായി പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കും.അസംബ്ലിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ പി.എന്‍.പണിക്കരെക്കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. എല്ലാ ക്ലാസ്സുകളിലേക്കും കേരളകൌമുദി പത്രം ലഭ്യമാക്കുന്ന ‘എന്റെ കൌമുദി’പദ്ധതിക്കും വായനാദിനത്തില്‍ തുടക്കം കുറിച്ചു.കയ്യൂരിലെ ഗോപാലന്‍ വൈദ്യരുടെ സ്മരണയ്ക്കായി മക്കള്‍ സ്പോണ്‍സര്‍ ചെയ്ത 5 പത്രങ്ങളുടെ വിതരണോല്‍ഘാടനം ഗോപാലന്‍ വൈദ്യരുടെ മകള്‍ സുനീതി ടീച്ചര്‍ നിര്‍വഹിച്ചു.കേരളകൌമുദി കാസര്‍ഗോഡ് ബ്യൂറോ ചീഫ് ശ്രീധരന്‍ പുതുക്കുന്ന് പദ്ധതി വിശദീകരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പി.വി.രതി ടീച്ചര്‍ സ്വാഗതവും ഉഷാകുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു.പി.കെ.ബാലക്യ് ഷ്ണന്‍,നാരായണന്‍ ബങ്കളം,അജയന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.പത്രപരിചയം,വായനാമുറി ഉല്‍ഘാടനം,സാഹിത്യക്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വായനാവാരത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.


No comments:

Post a Comment