Pages

അക്ഷരത്തോണിയിലേറി കുരുന്നുകള്‍ എത്തി....



നീലേശ്വരം: ഉത്സവപ്രതീതിയില്‍ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അക്ഷരത്തോണിയിലേറി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പ്രവേശിച്ചു. ബിരിക്കുളം എ.യു.പി. സ്‌കൂളില്‍ നടന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം 'മഴമ' സംഘടനാമികവ് കൊണ്ടും ഗ്രാമീണ കൂട്ടായ്മകൊണ്ടും ആവേശംവിരിയിച്ചു.

'ഞാനും എന്റെ കുട്ടികളും ഒപ്പം വിദ്യാലയവും മികവിലേക്ക്' എന്ന സന്ദേശവുമായി അധ്യാപകരും ഉത്സവത്തില്‍ പങ്കാളികളായി. കേരളത്തിന്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ തീര്‍ത്ത അക്ഷരത്തോണിയിലേറിയാണ് പുതുതായി പ്രവേശനം തേടിയ 43 കുരുന്നുകളും വിദ്യാലയത്തില്‍ എത്തിയത്. വര്‍ണ്ണക്കടലാസുകള്‍കൊണ്ട് അലങ്കരിച്ച വള്ളത്തില്‍ നിറങ്ങള്‍ചാലിച്ച് ഒരുക്കിയ ജലാശയത്തിലാണ് തൊപ്പിയും തലപ്പാവും മാലയും അണിഞ്ഞ് ബലൂണും മറ്റുമായി കുരുന്നുകള്‍ അക്ഷരത്തോണിയിലേറി എത്തിയത്. കാരിമൂല നക്ഷത്ര വനിതാ വാദ്യകലാ സംഘത്തിന്റെ ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി കുരുന്നുകളെ വിദ്യാലയമുറ്റത്തേക്ക് ആനയിച്ചു. തുടര്‍ന്ന് സ്വാഗതനൃത്തശില്പവും അരങ്ങേറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാ ദേവി ജില്ലാപ്രവേശനോത്സവം ഉദ്ഘാടനംചെയ്തു. പരപ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ അധ്യക്ഷയായിരുന്നു. നവാഗതരായ കുരുന്നുകളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് വരവേറ്റു. പഠനോപകരണങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.രത്‌നാവതിയും നവീകരിച്ച ക്ലാസ് മുറികള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണനും യൂണിഫോം വിതരണം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാതയും കുട വിതരണം പി.വി.രവിയും ഭക്ഷണപാത്രങ്ങളുടെ വിതരണം ടി.കെ.ചന്ദ്രമ്മയും ഉദ്ഘാടനംചെയ്തു. പ്രവേശനോത്സവ പത്രം 'മഴത്താര' എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.രാജന്‍ പ്രകാശനംചെയ്തു. കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ വിദ്യാഭ്യാസ വിഷന്‍ അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ എ.വിധുബാല, കെ.പി.ചിത്രലേഖ, വി.കുഞ്ഞുമാണി, കെ.ഇബ്രാഹിം, എ.ഇ.ഒ കെ.പി.പ്രകാശ്കുമാര്‍, ബി.പി.ഒ കെ.വസന്തകുമാര്‍, കെ.രവീന്ദ്രന്‍, കെ.ഇ.ഭട്ട്, പി.അനിത, വി.എന്‍.സൂര്യകല, ടി.കെ.ഹര്‍ഷ, എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എ.ആര്‍.വിജയകുമാര്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് പി.എന്‍.രാജ് മോഹന്‍ നന്ദിയുംപറഞ്ഞു. തുടര്‍ന്ന് സംഗീതശില്പം ഉണര്‍ത്തുപാട്ട്, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികളും നടന്നു. സദ്യയും ഒരുക്കിയിരുന്നു
 
 ( കടപ്പാട് - ചൂണ്ടുവിരല്‍ )
 
 

No comments:

Post a Comment